Drisya TV | Malayalam News

ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചു

 Web Desk    2 Apr 2025

കോഴിക്കോട് തിരുവള്ളൂർ വള്ള്യാട് പുതിയോട്ടിൽ മുഹമ്മദ് സാബിർ(25) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന വള്ള്യാട് തെരോടൻകണ്ടി ആസിഫി(27)നെ സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കുമൊപ്പം മറ്റൊരു യുവാവ് കൂടി വിനോദയാത്ര സംഘത്തിലുണ്ടായിരുന്നെങ്കിലും ഇദ്ദേഹം തേനീച്ചയുടെ കുത്തേൽക്കാതെ രക്ഷപ്പെട്ടു.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. ഗൂഡല്ലൂരിലെ വ്യൂ പോയിന്റായ 'നീഡിൽ പോയിന്റി'ന് സമീപത്തെ പാറക്കെട്ടിൽ നിൽക്കവെയാണ് വിനോദയാത്രസംഘത്തെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. പാറക്കെട്ടിന് സമീപത്തെ തേനീച്ചക്കൂട്ടിൽനിന്ന് തേനീച്ച ഇളകി രണ്ടുയുവാക്കളെയും ആക്രമിക്കുകയായിരുന്നു.ഇവർക്കൊപ്പമുണ്ടായിരുന്ന സിനാൻ എന്ന യുവാവ് വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടർന്നാണ് രണ്ടുയുവാക്കളെയും ആശുപത്രിയിലേക്ക് മാറ്റിയത്. സാബിർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

  • Share This Article
Drisya TV | Malayalam News