Drisya TV | Malayalam News

യുവാവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവം, അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് 

 Web Desk    2 Apr 2025

യുവാവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇന്നലെ സംഭവം ഉണ്ടായതു മുതൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് സിസിടിവി പരിശോധിക്കുകയും കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്‌ഥർക്ക് വീഴ്ച്‌ സംഭവിച്ചതായാണ് പുറത്തു വരുന്ന വിവരം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും.

അമ്പലവയൽ നെല്ലാറച്ചാൽ പുതിയപാടി ഊരിലെ ഗോകുൽ (18) ഇന്നലെ രാവിലെ 7.45നാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഗോകുലിന്റെ മൃതദേഹം സംസ്കരിച്ചു.മുട്ടിലിൽനിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം തിങ്കളാഴ്ച വൈകിട്ടാണ് ഗോകുലിനെ കോഴിക്കോട് നിന്ന് പൊലീസ് പിടികൂടിയത്. തുടർന്ന് പെൺകുട്ടിയെ സഖിയിലേക്ക് മാറ്റുകയും ഗോകുലിനെ സ്റ്റേഷനിൽ നിർത്തുകയും ചെയ്തു. പൊലീസ് മാനസികമായി പീഡിപ്പിച്ചതുമൂലമാണ് ഗോകുൽ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. പെൺകുട്ടിയേയും ഗോകുലിനേയും കാണാതായശേഷം പൊലീസ് ഊരിലെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

  • Share This Article
Drisya TV | Malayalam News