Drisya TV | Malayalam News

കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ

 Web Desk    2 Apr 2025

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബംഗളൂരുവിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) മുതൽ ബംഗളൂരു എസ്എംവി ടെർമിനൽ വരെയാണ് സർവീസ്. മുഴുവൻ എസി കമ്പാർട്ടുമെന്റുകളുള്ള ഈ ട്രെയിൻ ഏപ്രിൽ നാല് മുതൽ മേയ് അഞ്ച് വരെയാണ് സർവീസ് നടത്തുക.

എല്ലാ വെള്ളിയാഴ്ചകളിലും എസ്എംവി ടെർമിനലിൽ നിന്ന് രാത്രി പത്ത് മണിക്ക് യാത്ര ആരംഭിക്കും. പിറ്റേ ദിവസം ഉച്ചയോടെ തിരുവനന്തപുരം നോർത്ത് സ്‌റ്റേഷനിൽ എത്തും. മടക്കയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ആരംഭിക്കും. പിറ്റേ ദിവസം രാവിലെ എഴരയോടെ ട്രെയിൻ ബംഗളൂരുവിലെത്തും. വിഷു അവധിക്കാലത്ത് ബംഗളൂരുവിലേക്ക് സ്വകാര്യ ബസുകൾ കൊള്ളനിരക്കാണ് ഈടാക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള സ്‌പെഷ്യൽ ട്രെയിൻ സർവീസ് യാത്രക്കാർക്ക് ആശ്വാസമാകും.

വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. കൃഷ്ണരാജപുരമാണ് ബംഗളൂരുവിനടത്തുള്ള സ്റ്റോപ്പ്.

  • Share This Article
Drisya TV | Malayalam News