Drisya TV | Malayalam News

ബാങ്ക് വായ്പകള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണനാ ക്രമം : റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടം ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും

 Web Desk    26 Mar 2025

ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. വായ്പകള്‍ ആവശ്യക്കാരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് റിസര്‍വ് ബാങ്ക് മുന്‍ഗണനാ ക്രമം നിശ്ചിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടം ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും.

മുന്‍ഗണനയുള്ള മേഖലയില്‍ വായ്പാ പരിധി ഉയര്‍ത്തുന്നതിനും ബാങ്കുകളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൗസിംഗ്, കൃഷി, എംഎസ്എംഇ, കയറ്റുമതി, വിദ്യാഭ്യാസം, പൊതു നിര്‍മാണം, റീന്യുവബിള്‍ എനര്‍ജി എന്നീ മേഖലകളെയാണ് റിസര്‍വ് ബാങ്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹൗസിംഗ് സെക്ടറില്‍ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് വായ്പാ തുക നിശ്ചയിക്കുന്നത്. 50 ലക്ഷം ജനസംഖ്യയുള്ള കേന്ദ്രങ്ങളില്‍ 50 ലക്ഷം രൂപയാണ് വായ്പാ പരിധി. 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ 45 ലക്ഷവും 10 ലക്ഷത്തിന് താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ 35 ലക്ഷവുമാണ് ഹൗസിംഗ് ലോണ്‍ അനുവദിക്കുക. വ്യക്തിഗത വായ്പകളുടെ പരിധി 10 ലക്ഷം രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.

റിസര്‍വ് ബാങ്കിന്റെ മുന്‍ഗണനാ പട്ടികയിലുള്ള പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്ക് 35 കോടി രൂപ വരെ വായ്പ അനുവദിക്കാമെന്നും നിര്‍ദേശമുണ്ട്. പുനരുപയോഗ ഊര്‍ജ അധിഷ്ഠിത പവര്‍ ജനറേറ്ററുകള്‍, പൊതു പദ്ധതികള്‍ തുടങ്ങിയയാണ് ഈ വിഭാഗത്തില്‍ പെടുന്നത്. അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെ വായ്പാ ക്രമീകരണത്തിലും മാറ്റം വരുത്താന്‍ നിര്‍ദേശമുണ്ട്. മൊത്തം വായ്പാ തുകയുടെ 60 ശതമാനം മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

  • Share This Article
Drisya TV | Malayalam News