തൃപ്പൂണിത്തുറ മുതൽ ആലുവ വരെ നിലവിലുള്ള പാതയുടെ വിപുലീകരണത്തിന് പകരമായി ഒരു പുതിയ പാത നിര്‍മ്മിക്കുന്നിതിനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) ലക്ഷ്യമിടുന്നത്. മെട്രോയുടെ മൂന്നാം ഘട്ട പാത ആലുവയിൽ നിന്ന് ആരംഭിച്ച് ദേശീയപാത 544 ൽ അകപ്പറമ്പിനടുത്തുള്ള അലീന വളവിലൂടെ കടന്നു പോകും. തുടർന്ന് പാത കരിയാട്-എയർപോർട്ട്-മട്ടൂർ റോഡ് വഴി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തും.
അങ്കമാലി-എയർപോർട്ട് റോഡിലൂടെ എംസി റോഡിലേക്ക് എത്തി അങ്കമാലി വരെ മെട്രോ പാത തുടരും. അങ്കമാലി എംസി റോഡ് ജംഗ്ഷനിൽ നിന്ന് എൻഎച്ച് 544 ൽ ഏകദേശം 2 കിലോമീറ്റർ തൃശൂർ ഭാഗത്തേക്ക് മെട്രോ പാത നിര്‍മ്മിക്കാനാണ് കെ.എം.ആര്‍.എല്‍ ഉദ്ദേശിക്കുന്നത്. നെടുമ്പാശ്ശേരിയിൽ ഭൂഗർഭ മെട്രോ പാതയും സ്റ്റേഷനും നിർമ്മിക്കാനുളള തീരുമാനം കെഎംആർഎൽ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ഏകദേശം 3 കിലോമീറ്ററായിരിക്കും ഭൂഗർഭ മെട്രോ പാതയുടെ ദൂരമെന്ന് കരുതുന്നു.
കൊച്ചി മെട്രോ മൂന്നാം ഘട്ട പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആര്‍) തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻസി സേവനങ്ങൾക്കുള്ള ഏക യോഗ്യതയുള്ള ബിഡ്ഡറായി റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് (RITES) ലിമിറ്റഡിനെ പ്രഖ്യാപിച്ചു. ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻസി സേവനങ്ങൾക്കായുളള വിജ്ഞാപനം കെ.എം.ആര്‍.എല്‍ ജനുവരിയിലാണ് പുറപ്പെടുവിച്ചത്. ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുള്ള ധനസഹായം കേന്ദ്രം നൽകുന്നതിനാൽ, കൺസൾട്ടൻസി സേവനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം സ്വീകരിക്കുന്നത് കേന്ദ്രമായിരിക്കും.
മൂന്നാം ഘട്ട പാത യാഥാര്‍ത്ഥ്യമായാല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമമായി എത്തിച്ചേരാന്‍ സാധിക്കും. തൃപ്പൂണിത്തുറ മുതല്‍ അങ്കമാലി വരെ നീളുന്നതോടെ മെട്രോ പാത ഏകദേശം 42 കിലോമീറ്ററായി വര്‍ധിക്കുന്നതാണ്.