തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നു ചൊവ്വാഴ്ച വൈകിട്ടു ചെന്നൈയിലായിരുന്നു അന്ത്യം.ഒരാഴ്‌ച മുൻപ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. നടി നന്ദനയാണ് ഭാര്യ. അർഷിത, മതിവതനി എന്നിവർ മക്കളാണ്.
ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പ്രമുഖ സംവിധായകരായ മണിരത്നത്തിൻ്റെയും ഷങ്കറിൻ്റെയും അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. 2023ൽ മാർഗഴി തിങ്കൾ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി. മനോജിന്റെ മരണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സംഗീത സംവിധായകൻ ഇളയരാജ, നടനും രാഷ്ട്രീയ നേതാവുമായ ശരത് കുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.