കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പ്രായമായവർക്കും മറ്റുമായി ലോവർ ബെർത്ത് നീക്കിവയ്ക്കുന്ന കാര്യം ലോക്സഭയിൽ അറിയിച്ചത്. പലപ്പോഴും യാത്രയ്ക്കിടയിൽ പ്രായമായവർ ലോവർ ബെർത്ത് ലഭിക്കാതെ ബുദ്ധിമുട്ടാറുണ്ട്. അതിന് പരിഹാരമെന്നോണമാണ് പുതിയ മാറ്റം. ഇതിനായി ഓട്ടോമാറ്റിക് അലോക്കേഷൻ ടെക്നിക്കാണ് ഇന്ത്യൻ റെയിൽവേ കൊണ്ടുവരാൻ പോകുന്നത്. ഗർഭിണികളായ സ്ത്രീകൾ, 45 വയസ്സിന് മുകളിലുള്ള സ്ത്രീ യാത്രക്കാർ, 60 വയസ്സിനു മുകളിലുള്ള പുരുഷൻമാർ, 58 വയസ്സിനു മുകളിലുള്ള സ്ത്രീകൾ എന്നിവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്ക് ആയി ലോവർ ബെർത്ത് ലഭിക്കും. ലോവർ ബെർത്തിന്റെ ലഭ്യത അനുസരിച്ച് ആയിരിക്കും ബെർത്ത് ലഭിക്കുക.
ഓരോ കോച്ചിലും നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ പ്രായമായവർക്ക് വേണ്ടിയും മറ്റുമായി മാറ്റിവയ്ക്കും. സ്ലീപ്പർ ക്ലാസിൽ ഒരു കോച്ചിൽ ആറുമുതൽ ഏഴുവരെ ലോവർ ബെർത്തുകൾ പ്രായമായവർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റി വയ്ക്കും. തേർഡ് എസിയിൽ നാല് മുതൽ അഞ്ചു വരെ ലോവർ ബെർത്തുകളും സെക്കൻഡ് എസിയിൽ മൂന്നു മുതൽ നാലു വരെ ബെർത്തുകളുമാണ് മാറ്റിവയ്ക്കുക. ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണത്തെ ആശ്രയിച്ച് ആയിരിക്കും ബെർത്തുകളുടെ റിസർവേഷൻ.
യാത്രയ്ക്കിടയിൽ ലോവർ ബെർത്തുകൾ ഒഴിവ് വന്നാൽ പ്രായമായവർക്കോ, ഗർഭിണികളായ സ്ത്രീകൾക്കോ അത് നൽകുന്നതിന് ആയിരിക്കും മുൻഗണന. കൂടാതെ, മറ്റ് ബെർത്തുകൾ ലഭിച്ച ഭിന്നശേഷിക്കാരെയും പരിഗണിക്കും. യാത്രയ്ക്കിടയിൽ ലോവർ ബെർത്ത് ആർക്കെങ്കിലും ആവശ്യം വന്നാൽ ഇവർക്ക് മുൻഗണന നൽകിയതിന് ശേഷമായിരിക്കും മറ്റുള്ളവരെ പരിഗണിക്കുക.