ഉള്ളി വില 40 ശതമാനത്തോളം കുറഞ്ഞതിനു പിന്നാലെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്രം. 20 ശതമാനം കയറ്റുമതി തീരുവ കുറക്കാനുള്ള തീരുമാനം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഉൽപാദനം വർധിച്ചതിനെ തുടർന്നാണ് ഫെബ്രുവരി മുതൽ ഉള്ളിവിലയിൽ രാജ്യവ്യപാകമായി 30-40 ശതമാനം കുറവുണ്ടായത്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ വില ക്വിന്റ്റലിന് 2,270 രൂപയിൽ നിന്ന് 1,420 രൂപയായാണ് കുറഞ്ഞത്.
റാബി വിളകൾ പ്രതീക്ഷിച്ച രീതിയിൽ മാർക്കറ്റിൽ എത്തിയതിനെ തുടർന്ന് മണ്ഡി, ചില്ലറ വിൽപന വിലകൾ കുറഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിൽ, കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മിതമായ വിലക്ക് ഉള്ളി ലഭ്യമാക്കുന്നതിനുമായാണ് തീരുമാനം. ഇതിനായുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ തീരുമാനം' - ഔദ്യോഗിക പ്രസ്‌ാവനയിൽ അധികൃതർ വ്യക്തമാക്കി.
2024 ഏപ്രിൽ മുതൽ ഡിസംബർ വരെ ഇന്ത്യ 392 ദശലക്ഷം ഡോളറാണ് ഉള്ളി കയറ്റുമതിയിലൂടെ സമ്പാദിച്ചത്. അതേസമയം, 2024 സാമ്പത്തിക വർഷത്തിൽ 500 ദശലക്ഷം ഡോളറാണ് ഈയിനത്തിൽ രാജ്യത്തെത്തിയത്. ബംഗ്ലാദേശിലേക്കായിരുന്നു കയറ്റുമതിയുടെ 48 ശതമാനവും. തൊട്ടുപിന്നിൽ മലേഷ്യയും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 17 ലക്ഷത്തിലേറെ ടൺ ഉള്ളിയാണ് കയറ്റുമതി ചെയ്തത്. ഇക്കുറി മാർച്ച് 18 വരെ 11.6 ലക്ഷം ഉള്ളി രാജ്യത്തുനിന്ന് കയറ്റിയയച്ചിട്ടുണ്ട്.