Drisya TV | Malayalam News

കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീം കോടതി

 Web Desk    22 Mar 2025

ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതിയിലെ ജഡ്‌ജിക്കെതിരേ ആഭ്യന്തര അന്വേഷണം നടത്താൻ സുപ്രീംകോടതി തീരുമാനിച്ചു. ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടത്താൻ സുപ്രീംകോടതിയുടെ ഫുൾ കോർട്ട് യോഗം തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യയോട് സുപ്രീംകോടതി നിർദേശിച്ചു.

ഇന്ന് രാവിലെ ചേർന്ന സുപ്രീംകോടതിയുടെ ഫുൾ കോർട്ട് യോഗത്തിലാണ് ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ അന്വേഷണത്തിന് തീരുമാനമായത്. കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ സംബന്ധിച്ച് സർക്കാരിൽനിന്ന് ലഭിച്ച വിവരം ഫുൾ കോർട്ട് യോഗത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ധരിപ്പിച്ചു. ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു.

എന്നാൽ ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ കടുത്ത നടപടി വേണമെന്ന് ചില ജഡ്‌ജിമാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ആഭ്യന്തര അന്വേഷണത്തിന് ഫുൾ കോർട്ട് യോഗം തീരുമാനമെടുത്തത്. ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതിയിലെ ഒരു ജഡ്‌ജി നേതൃത്വം നൽകും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയിൽ അംഗമായിരിക്കും. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജഡ്‌ജിയെ പുറത്താക്കാനുള്ള നടപടികളിലേക്ക് പാർലമെന്റിന് കടക്കാം.

ഡൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയർഫോഴ്സ് അംഗങ്ങളാണ് കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടർന്ന് സർക്കാർ ഇക്കാര്യം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു

  • Share This Article
Drisya TV | Malayalam News