Drisya TV | Malayalam News

പൂട്ടിയിട്ട വീടിനുള്ളില്‍ നിന്ന് 100 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും ആഡംബര വസ്തുക്കളും പിടികൂടി

 Web Desk    19 Mar 2025

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുമാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. 87.9 കിലോ വരുന്ന സ്വര്‍ണ ബിസ്കറ്റുകളും 19.6 കിലോ സ്വര്‍ണാഭരണങ്ങളും 11 അത്യാഡംബര വാച്ചുകളും ഒന്നരക്കോടിയോളം രൂപയുമാണ് കണ്ടെത്തിയത്. ഇവയ്ക്കെല്ലാത്തിനുമായി100 കോടി രൂപയിലേറെ മൂല്യമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ഒടുവില്‍ ഉദ്യോഗസ്ഥര്‍ മെഷീന്‍ കൊണ്ടുവരേണ്ടി വന്നുവെന്നും ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

57 കിലോയോളം സ്വര്‍ണം വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്നതായിട്ടാണ് അഴിമതി വിരുദ്ധ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചത്. അഹമ്മദാബാദിലെ മേഘ്ഷായെന്നയാളുടെ വസതിയിലാണ് റെയ്ഡ് നടന്നത്. ദുബായില്‍ ഓഹരി വിപണിയിലെ പ്രമുഖ നിക്ഷേപകനാണ് മേഘ് ഷായുടെ പിതാവ് മഹേന്ദ്രഷാ. മഹേന്ദ്ര ഷായെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. ഇരുവരും ചേര്‍ന്ന് ഷെല്‍ കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയെന്നാണ് എടിഎസ് സംശയിക്കുന്നത്. ഡിഎസ്പിയാണ് എടിഎസിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതെന്ന് രഹസ്യാന്വേഷണ ചുമതലയുള്ള ഡിഐജി സുനില്‍ ജോഷി വ്യക്തമാക്കി. 

റെയ്ഡിനായി ഉദ്യോഗസ്ഥരെത്തുമ്പോള്‍ പൂട്ടിയിട്ട നിലയിലായിരുന്നു ഫ്ലാറ്റ്. തുടര്‍ന്ന് മേഘ്ഷായുടെ ബന്ധുവീട്ടില്‍ നിന്നും താക്കോല്‍വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ അപാര്‍ട്ട്മെന്‍റ് തുറന്നത്. ഇതേ ഫ്ലാറ്റില്‍ നാലാം നിലയിലാണ് മേഘിന്‍റെ ബന്ധുക്കള്‍ താമസിച്ചിരുന്നത്. ഇവരെ എടിഎസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വന്‍തോതില്‍ സ്വര്‍ണവും പണവും പിടികൂടിയതോടെ ഗുജറാത്ത് എടിഎസ് കേസ് ഡിആര്‍ഐക്ക് കൈമാറി. ഇടപാടില്‍ രാജ്യാന്തര സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്നതടക്കം പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News