Drisya TV | Malayalam News

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം

 Web Desk    16 Mar 2025

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തിൽ‌ തീരുമാനമുണ്ടായേക്കും എന്നാണ് വിവരം. 

രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടര്‍മാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഇനി പരാതികൾ ഉയരാതിരിക്കാനാണ് നീക്കം. 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്‍റില്‍ സർക്കാർ അറിയിച്ചു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം.

ചൊവ്വാഴ്ചത്തെ യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യൂണിക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി സിഇഒ തുടങ്ങിയവര്‍ പങ്കെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കും. മൂന്നു മാസത്തിനുള്ളില്‍ പരാതി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നീക്കം.

  • Share This Article
Drisya TV | Malayalam News