വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും വിവരശേഖരണം നടത്താനും അവ സൂക്ഷിക്കാനുമായി സംസ്ഥാനത്ത് മെഷർമെന്റ് കളക്ഷൻ യൂണിറ്റ് (എംസിയു) സ്ഥാപിക്കും.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോ(എൻസിആർബി)യുടെ നിയന്ത്രണത്തിലാണ് രാജ്യത്താകമാനം എംസിയു നിലവിൽവരുക. അതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും പ്രവർത്തനം തുടങ്ങുന്നത്.
ക്രിമിനൽ പ്രൊസീജ്യർ (ഐഡന്റിഫിക്കേഷൻ) ആക്ട് 2022 അനുസരിച്ച് അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നവരുടെ ബയോമെട്രിക്സ്, ഡിഎൻഎ തെളിവുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കാനും കേടുകൂടാതെ സൂക്ഷിക്കാനുമുള്ള സംവിധാനമാണിത്. നിലവിൽ പ്രധാനമായും കുറ്റവാളികളുടെ വിരലടയാളം ശേഖരിക്കുന്ന രീതിയാണ് വ്യാപകമായുള്ളത്.
എംസിയു പ്രവർത്തനം ആരംഭിക്കുന്നതോടെ ഉള്ളംകൈകളുടെ പ്രിന്റ്, പാദങ്ങളുടെ പ്രിന്റ്, ഫോട്ടോകൾ, കണ്ണിന്റെ കൃഷ്ണമണികൾ, റെറ്റിന സ്കാനിങ്, കുറ്റവാളികളുടെ ഉയരം, തൂക്കം, ബയോളജിക്കൽ തെളിവുകളായി രക്തഗ്രൂപ്പ് പോലുള്ളവ, ഒപ്പ്, കൈപ്പട തുടങ്ങിയ എല്ലാ വിശദാംശങ്ങളും നിയമപ്രകാരം പോലീസിന് ശേഖരിച്ചുവെക്കാനുള്ള അധികാരമുണ്ടാകും.
കുറ്റവാളികൾ വിസമ്മതിച്ചാൽപ്പോലും ഇത്തരം തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയും. സീനിയർ സിവിൽ പോലീസ് ഓഫീസർക്കു മുകളിലുള്ള ഉദ്യോഗസ്ഥർക്കും ജയിലിലാണെങ്കിൽ ഹെഡ് വാർഡനു മുകളിലുള്ള ഉദ്യോഗസ്ഥനും ഇത്തരം തെളിവുകൾ ശേഖരിക്കാം.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി, എൻസിആർബി ഡയറക്ടർ എന്നിവരുടെ മേൽനോട്ടത്തിലാണ് വ്യത്യസ്ത സംസ്ഥാനങ്ങളിലെ കുറ്റവാളികളുടെ വിവരങ്ങൾ പരസ്പരം കൈമാറുക.എൻസിആർബിയുടെ സഹകരണത്തോടെയാണ് ഇതുസംബന്ധിച്ച രേഖകൾ സൂക്ഷിക്കുക. ഇതുസംബന്ധിച്ച പരാതികൾ കേൾക്കലും തുടർനടപടികൾ സ്വീകരിക്കലും എൻസിആർബി ഡയറക്ടറാകും.