Drisya TV | Malayalam News

ദമ്പതിമാരും രണ്ടുമക്കളും അടങ്ങുന്ന നാലംഗകുടുംബത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

 Web Desk    13 Mar 2025

ചെന്നൈ അണ്ണാനഗറിൽ താമസിക്കുന്ന ഡോ. ബാലമുരുകൻ, ഭാര്യ അഡ്വ. സുമതി, മക്കളായ ദശ്വന്ത്(17) ലിംഗേഷ്(15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അണ്ണാനഗറിലെ വീട്ടിൽ നാലുപേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഡോക്ടറായ ബാലമുരുകൻ സ്കാനിങ് സെന്റർ നടത്തിയിരുന്നതായാണ് റിപ്പോർട്ട്. സ്കാനിങ് സെന്റർ ബിസിനസിലുണ്ടായ ഭീമമായ നഷ്ടമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സുമതി ചെന്നൈയിലെ കോടതിയിൽ അഭിഭാഷകയായിരുന്നു. ദശ്വന്ത് പന്ത്രണ്ടാംക്ലാസ് വിദ്യാർഥിയും ലിംഗേഷ് പത്താംക്ലാസ് വിദ്യാർഥിയുമാണ്.

വ്യാഴാഴ്ച രാവിലെ ഇവരുടെ ഡ്രൈവർ പതിവുപോലെ വീട്ടിലെത്തിയിരുന്നു. എന്നാൽ, വീട്ടിൽനിന്ന് ആരുടെയും പ്രതികരണം ഇല്ലാതായതോടെ ഇയാൾ അയൽക്കാരെ വിവരമറിയിച്ചു. തുടർന്ന് അയൽക്കാരെത്തി ജനൽവഴി പരിശോധിച്ചപ്പോഴാണ് ഒരു മുറിയിൽ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു മുറിയിൽ മക്കളായ രണ്ടുപേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉടൻതന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ കിൽപ്പോക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്തതായും പോലീസ് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News