Drisya TV | Malayalam News

കബഡി കളിക്കിടെയുണ്ടായ തർക്കത്തിൽ പ്ലസ്‌വൺ വിദ്യാർഥിയെ ബസിൽനിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേൽപ്പിച്ച 3 വിദ്യാർഥികൾ പിടിയിൽ

 Web Desk    11 Mar 2025

തൂത്തുക്കുടിയിൽ കബഡി കളിക്കിടെയുണ്ടായ തർക്കത്തിൽ, പ്ലസ്‌വൺ വിദ്യാർഥിയെ ബസിൽനിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേൽപ്പിച്ച 3 വിദ്യാർഥികൾ പിടിയിൽ. കെട്ടിയമ്മൽ പുരത്തിനു സമീപമാണു സംഭവം. ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർഥി ദേവേന്ദ്രനാണു വെട്ടേറ്റത്.

ബൈക്കിൽ ബസിനെ പിന്തുടർന്ന സംഘം, ബസ് തടഞ്ഞു നിർത്തി അകത്തുകയറി വിദ്യാർഥിയെ മർദിക്കുകയായിരുന്നു. തുടർന്നു പുറത്തേക്കു തള്ളിയിട്ട ശേഷം തലയിൽ അടക്കം വെട്ടി. മറ്റു യാത്രക്കാർ ബഹളം വച്ചതോടെ അക്രമിസംഘം കടന്നുകളഞ്ഞു. പൊലീസെത്തിയാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തലയിലും മുതുകിലും കൈകളിലും അടക്കം 16 വെട്ടുകളുണ്ടായിരുന്നു. കൈവിരലുകളും അറ്റു.

പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് 17 വയസ്സുകാരായ 3 പേരെ പിടികൂടിയത്. കബഡി കളിക്കിടെയുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നു പിടിയിലായവർ മൊഴി നൽകി. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്.

  • Share This Article
Drisya TV | Malayalam News