Drisya TV | Malayalam News

മംഗോളിയയിലെ ഗോബ് മരുഭൂമിയിൽ നിന്ന് 7 കോടി വർഷം പഴക്കമുള്ള ദിനോസർ കൂട് കണ്ടെത്തി

 Web Desk    7 Mar 2025

മംഗോളിയയിലെ ഗോബ് മരുഭൂമിയിൽ നിന്ന് 7 കോടി വർഷം പഴക്കമുള്ള ദിനോസർ കൂട് കണ്ടെത്തി. സസ്യഭുക്കുകളായ പ്രോട്ടോസെറാറ്റോപ്സ് ആൻഡ്രൂസി ദിനോസർ കുടുംബത്തിൽപ്പെട്ട പതിനഞ്ചോളം ദിനോസറുകളുടെ ഫോസിലുകൾ അവിടെനിന്നും ഗവേഷകർക്ക് ലഭിച്ചു. ഒരു വയസ്സുപോലും തികയാത്ത ദിനോസർ കുഞ്ഞുങ്ങളുടെ ഫോസിലുകളാണ് കണ്ടെത്തിയത്.

ട്രൈസെറാറ്റോപ്സ് ദിനോസറുകളുടെ കുടുംബത്തിൽപ്പെട്ട ഇവർ മണൽക്കാറ്റിൽപ്പെട്ട് മരിച്ചതാകാമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ റോഡ് ഐലൻഡ് സർവകലാശാലയിലെ പാലിയന്റോളജിസ്റ്റ‌് ഡേവിഡ് ഫാസ്റ്റോവ്സ്കി പറയുന്നു. കുഞ്ഞു ദിനോസർ കൂടുകൾക്ക് സമീപം മറ്റൊരു ദിനോസറിന്റെ കൂടും കണ്ടെത്തി. അവിടെനിന്നും ഫോസിലൈസ് ചെയ്ത‌ മുട്ടകൾ ലഭിച്ചു. രണ്ട് വ്യത്യസ്ത ദിനോസറുകൾ അടുത്തടുത്ത് കൂടുകൾ സ്‌ഥാപിച്ചത് ഗവേഷകരെ അദ്ഭുതപ്പെടുത്തി.

ഗോബി മരുഭൂമിയുടെ മധ്യഭാഗത്ത് നിന്നാണ് കൂട് കണ്ടെത്തിയത്. ഇവിടെ വെലോസിറാപ്റ്റർ, പ്രോട്ടോസെറാടോപ്പ് ദിനോസറുകൾ തമ്മിൽ വമ്പൻ പോരാട്ടം നടന്നിരുന്നുവെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

പിന്നീട് ഇവിടെ 24 അടി ഉയരത്തിൽ മണൽക്കാറ്റുകൾ വീശിത്തുടങ്ങിയതായും ഗവേഷകർ പറയുന്നു. 2011ലാണ് ആദ്യമായി ഈ കൂട് കണ്ടെത്തിയതെങ്കിലും ഇപ്പോഴും പഠനം നടന്നുവരികയാണ്.

  • Share This Article
Drisya TV | Malayalam News