Drisya TV | Malayalam News

വാട്സ്ആപ്പിലൂടെയുളള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ വർദ്ധനവ്, കടുത്ത നടപടികളുമായി മെറ്റ

 Web Desk    24 Feb 2025

വാട്സ്ആപ്പിലൂടെയുളള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടതോടെ കടുത്ത നടപടികളുമായി മാതൃകമ്പനിയായ മെറ്റ രംഗത്ത്. ഇത്തരത്തിലുളള പ്രവൃത്തികളിൽ ഏർപ്പെടുന്ന 80 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചുകൊണ്ടാണ് മെറ്റ നടപടികളുമായി മുന്നോട്ടുപോകുന്നത്.

ഒരു മാസത്തിനിടെയാണ് ഇത്രയും അക്കൗണ്ടുകൾ നിരോധിച്ചത് എന്നാണ് മെറ്റ പറയുന്നത്. 2024 ഓഗസ്റ്റിലായിരുന്നു ഇത്രയും അക്കൗണ്ടുകൾ നിരോധിക്കപ്പെട്ടത്. ഇപ്പോഴാണ് മെറ്റ ഈ കണക്കുകൾ പുറത്തുവിടുന്നത്. വാട്സ്ആപ്പിൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായുളള നടപടികൾ നടന്നുവരികയാണെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മെറ്റ പറയുന്നുണ്ട്.

തങ്ങളുടെ സുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയിരുന്ന നിരവധി അക്കൗണ്ടുകളെയാണ് വാട്സ്ആപ്പ് നിരോധിച്ചത്. ബൾക്ക് മെസ്സേജിങ്, സ്പാമിങ്, ആൾക്കാരെ പറ്റിക്കുന്ന പ്രവൃത്തിയിലേർപ്പെടുക, തെറ്റിദ്ധാരണാപരമായ കണ്ടന്റുകൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്.ജനപ്രിയ സോഷ്യൽ മീഡിയ ആപ്പിന്റെ അന്തഃസത്ത ഉയർത്തിപ്പിടിക്കാനും സുരക്ഷിതമായ സോഷ്യൽ മീഡിയ അന്തരീക്ഷം ഒരുക്കാനുമാണ് ഈ നീക്കമെന്നാണ് മെറ്റയുടെ അവകാശവാദം.

  • Share This Article
Drisya TV | Malayalam News