മൊബൈൽ കണക്‌ഷനുകൾക്ക് നിലവിലുള്ളതുപോലെ ലാൻഡ്ലൈൻ സർവീസുകൾക്കും നമ്പർ പോർട്ടബിലിറ്റി സൗകര്യം സമീപഭാവിയിൽ വരുമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്). നമ്പർ മാറാതെ തന്നെ കണക്ഷൻ മാറാനുള്ള സൗകര്യമാണ് പോർട്ടബിലിറ്റി. 2011ലാണ് ഇത് മൊബൈൽ കണക്‌ഷനുകൾക്ക് നടപ്പാക്കിയത്.
ഇതിന്റെ ഭാഗമായി ലാൻഡ്ലൈനുകൾ 10 ഡിജിറ്റ് നമ്പറിങ് രീതിയിലേക്ക് മാറും. പുതിയ പരിഷ്കാരം 6 മാസത്തിനുള്ളിൽ നടപ്പാക്കാനാണ് ശുപാർശ. ലോക്കൽ കോളുകൾക്കുപോലും അതത് സ്ഥലത്തെ കോഡ് ചേർക്കേണ്ടി വരാം. മൊബൈലിൽ നിന്ന് ലാൻഡ്ലൈനിലേക്കും, തിരിച്ചും, മൊബൈലുകൾ തമ്മിൽ പരസ്‌പരവും വിളിക്കുന്നതിൽ മാറ്റമുണ്ടാകില്ല.
ഫോൺ നമ്പറുകൾ അനുവദിക്കുന്നതിന് ടെലികോം കമ്പനികളിൽ നിന്ന് ചാർജ് ഈടാക്കാൻ തൽക്കാലം പദ്ധതിയില്ലെന്ന് ട്രായ് വ്യക്തമാക്കി. ഫോൺ ഉപയോക്താക്കളുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ നമ്പറുകൾക്ക് ക്ഷാമമുണ്ടെന്ന ടെലികോം വകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജൂണിൽ ട്രായ് ഇതുസംബന്ധിച്ച ആലോചന തുടങ്ങിവച്ചത്.