ലോകത്ത് ഏറ്റവുമധികം പണം വാരുന്ന ചലച്ചിത്ര വ്യവസായങ്ങളിലൊന്നാണ് ചൈനയിലേത്.ഇപ്പോഴിതാ ചൈനീസ് പുതുവര്‍ഷത്തോടനുബന്ധിച്ച് (ജനുവരി 29) എത്തിയ ചൈനീസ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ ആഗോള തലത്തില്‍ വാര്‍ത്ത സൃഷ്ടിക്കുകയാണ്.
ചൈനീസ് അനിമേറ്റഡ് ഫ്രാഞ്ചൈസിയായ നെസയുടെ രണ്ടാം ഭാഗം നെസ 2 ആണ് അത്. ജിയാഓസി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ചൈനീസ് പുതുവര്‍ഷ ദിനത്തിലാണ് (ജനുവരി 29) തിയറ്ററുകളില്‍ എത്തിയത്. 80 മില്യണ്‍ യുഎസ് ഡോളര്‍ (696 കോടി രൂപ) മുടക്കുമുതല്‍ ഉള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുടക്കുമുതലിന്‍റെ വലിയൊരു ശതമാനം ആദ്യ ദിനം തന്നെ കളക്ഷനിലൂടെ ചിത്രം തിരിച്ചുപിടിച്ചു. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം 59 മില്യണ്‍ ഡോളര്‍ (514 കോടി രൂപ) ആണ് ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷന്‍! ഓപണിംഗിലെ ഞെട്ടിക്കല്‍ തുടര്‍ ദിനങ്ങളിലും തുടര്‍ന്നതോടെ ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 434 മില്യണ്‍ ഡോളര്‍ (3778 കോടി രൂപ) ആണ്. അതായത് ബജറ്റിന്‍റെ അഞ്ച് ഇരട്ടിയില്‍ ഏറെ! ചൈനയിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയി മാറും ഈ ചിത്രം എന്നാണ് വിലയിരുത്തലുകള്‍. എക്കാലത്തെയും ചൈനീസ് ഹിറ്റുകളുടെ പട്ടികയില്‍ നിലവില്‍ 14-ാം സ്ഥാനത്താണ് നെസ 2.
ദി ബാറ്റില്‍ അറ്റ് ലേക്ക് ചാംഗ്ജിന് (2021) എന്ന ചിത്രമാണ് എക്കാലത്തെയും വലിയ ചൈനീസ് ഹിറ്റ്. 913 മില്യണ്‍ ഡോളര്‍ (7948 കോടി രൂപ) ആയിരുന്നു ഈ ചിത്രത്തിന്‍റെ കളക്ഷന്‍. ഇതിനെ നെസ 2 മറികടക്കുമെന്നാണ് വിലയിരുത്തല്‍.