പുതിയ ചിത്രങ്ങളുടെ ഒടിടി റിലീസിനായി കാത്തിരിക്കുന്ന വലിയൊരുകൂട്ടം പ്രേക്ഷകസമൂഹം തന്നെ ഇന്നുണ്ട്. ഫെബ്രുവരി മാസം ഒടിടിയിലെത്തുന്ന ചിത്രങ്ങൾ ഏതെന്നു നോക്കാം.
ഹനീഫ് അദേനി- ഉണ്ണി മുകുന്ദന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ബ്ലോക്ബസ്റ്റർ ചിത്രമാണ് 'മാര്‍ക്കോ.' ഡിസംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മാര്‍ക്കോ ഒടിടിയില്‍ എവിടെ എത്തുമെന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. സോണി ലിവിലൂടെ ആണ് മാര്‍ക്കോ ഒടിടിയില്‍ എത്തുന്നത്. തിയേറ്റർ റിലീസിനു മുന്നോടിയായി സെൻസർ ബോർഡ് ഡിലീറ്റ് ചെയ്തു മാറ്റിയ സീനുകൾ കൂടി ഉള്‍പ്പെടുത്തിയാണ് മാർക്കോ ഒടിടിയില്‍ എത്തുക എന്നും റിപ്പോർട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളിലും മാർക്കോ ഒടിടിയിൽ ലഭ്യമാവും. ഫെബ്രുവരി 14 ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ഷെയ്ൻ നിഗത്തിനെ നായകനാക്കി വാലി മോഹൻ ദാസ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'മദ്രാസ്കാരൻ.' ഷെയ്ൻ തമിഴിൽ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് മദ്രാസ്കാരൻ. ഷെയ്നൊപ്പം കലൈയരസൻ തെലുങ്ക് നടി നിഹാരിക കൊനിദേല ഐശ്വര്യ ദത്ത, കരുണാസ്, പാണ്ഡിരാജന്‍, സൂപ്പര്‍ സുബ്ബരയന്‍, ഗീത കൈലാസം, ലല്ലു, ദീപ ശങ്കര്‍, ഉദയരാജ് എന്നിവരും ചിത്രത്തിലുണ്ട്. ഈ മാസം ആദ്യം തിയേറ്ററിലെത്തിയ ചിത്രം ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്. ആഹാ തമിഴി-ലൂടെ ഫെബ്രുവരി 7ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
രഞ്ജിത്തിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു 'വല്യേട്ടൻ'. അറക്കൽ മാധവനുണ്ണിയായി മമ്മൂട്ടി നിറഞ്ഞാടിയ സിനിമ 4കെ ഡോൾബി അറ്റ്‌മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം 4കെ മികവിൽ ഒടിടിയിലേക്കും എത്തുകയാണ്. മനോരമ മാക്സിലൂടെയാണ് 'വല്യേട്ടൻ 4കെ' ഒടിടിയിലെത്തുന്നത്. ചിത്രം ഫെബ്രുവരി 7 മുതൽ സ്ട്രീമിങ് ആരംഭിക്കും.
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. തിയേറ്ററുകളിൽ സൂപ്പർഹിറ്റ് വിജയം നേടിയ ചിത്രം ഈ മാസം അവസാനവാരം സോണി ലിവിലൂടെ ഒടിടിയിലെത്തുമെന്നാണ് വിവരം. എന്നാൽ, രേഖാചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.