Drisya TV | Malayalam News

മുതിർന്ന പൗരരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി വാർഷികപ്രീമിയത്തിൽ പത്തുശതമാനത്തിലധികം വർധന പാടില്ലെന്ന നിർദേശവുമായി ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി

 Web Desk    2 Feb 2025

മുതിർന്ന പൗരരുടെ ആരോഗ്യ ഇൻഷുറൻസ് പോളികൾ പുതുക്കുമ്പോൾ വാർഷികപ്രീമിയത്തിൽ പത്തുശതമാനത്തിലധികം വർധന പാടില്ലെന്ന നിർദേശവുമായി ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി (ഐ.ആർ.ഡി.എ.ഐ.). മുതിർന്ന പൗരരുടെ ക്ലെയിമുകൾ കൂടുന്നുവെന്ന പേരിൽ വാർഷിക പ്രീമിയത്തിൽ വലിയ വർധന ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഐ.ആർ.ഡി.എ.ഐ. രംഗത്തുവന്നിരിക്കുന്നത്.

മുതിർന്ന പൗരർക്കുള്ള ഇൻഷുറൻസ് ഉത്പന്നങ്ങൾ പിൻവലിക്കുന്നതിനും കമ്പനികൾ മുൻകൂർ അനുമതി വാങ്ങണം. അറുപതു വയസ്സിനു മുകളിലുള്ളവർക്കുള്ള ചില ഇൻഷുറൻസ് പദ്ധതികളിൽ കമ്പനികൾ പ്രീമിയത്തിൽ വലിയ വർധന വരുത്തുന്നതായി ഐ.ആർ.ഡി.എ.ഐ.യുടെ നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. രോഗങ്ങൾ കൂടുതൽവരാൻ സാധ്യതയുള്ള വിഭാഗത്തിൽ വരുന്നവരാണ് മുതിർന്ന പൗരർ. ഇവരുടെ വരുമാന സ്രോതസ്സുകളും പരിമിതമായിരിക്കും. അതുകൊണ്ടുതന്നെ പ്രീമിയത്തിലെ വർധന ഇവർക്ക് വലിയ ബാധ്യതയാകുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

മുതിർന്ന പൗരർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് വ്യാപകമായി പ്രചാരണം നടത്താനും കമ്പനികളോട് നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ആശുപത്രികളുടെ എണ്ണം കൂട്ടാനും നടപടിയുണ്ടാകണം. ആശുപത്രികളുമായി സമവായമുണ്ടാക്കി പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ) പദ്ധതിക്കനുസൃതമായി ആശുപത്രികളിലെ ചികിത്സച്ചെലവുകൾക്ക് പരിധി നിശ്ചയിച്ച് പാക്കേജുകൾ അവതരിപ്പിക്കാനും നടപടിയുണ്ടാകണമെന്ന് ഐ.ആർ.ഡി.എ.ഐ നിർദേശിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News