Drisya TV | Malayalam News

പാസ്വേഡ് അറിയാമെങ്കിൽ പോലും ഫോണിലെ വിവരങ്ങൾ ചോർത്താനാവില്ല. കിടിലൻ ഫീച്ചറുമായി ഗൂഗിൾ

 Web Desk    31 Jan 2025

ഡാറ്റ മോഷണം തടയാനായി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കായി പുതിയ ഫീച്ചറുമായി ഗൂഗിൾ. ഐഡൻ്റിറ്റി ചെക്ക് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതൊരു ബയോമെട്രിക് അധിഷ്‌ഠിത ഫീച്ചറാണ്.ഇത് മോഷണം പോലുള്ള സന്ദർഭങ്ങളിൽ ഡാറ്റയെ സംരക്ഷിക്കുകയെന്നതാണ് ഫീച്ചറിന്റെ ദൌത്യം. നിലവിൽ ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്ന ഗൂഗിൾ പിക്‌സൽ, സാംസങ് ഗാലക്‌സി ഫോണുകൾക്കായാണ് ഈ ഫീച്ചർ പുറത്തിറക്കുന്നത്. പിന്നീട് മറ്റ് ഉപകരണങ്ങൾക്കും ഇത് നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

ഫോൺ സ്വന്തം വീട് പോലെയുള്ള വിശ്വസനീയമായ ലൊക്കേഷനുകൾക്ക് പുറത്തായിരിക്കുമ്പോൾ മാത്രമേ ഈ അധിക സുരക്ഷാ ഫീച്ചർ പ്രവർത്തനം തുടങ്ങൂ. ഫീച്ചറുകൾ പ്രവർത്തിക്കുന്ന ഫോണുകൾ മോഷ്ടിക്കപ്പെടുകയോ പാസ് വേഡും മറ്റും അറിയുന്ന ഒരാൾ എടുത്ത് തുറന്ന് ഉപയോഗിക്കുന്നതിനും ഈ ഫീച്ചർ തടയും. പാസ്വേഡ് ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്‌താലും മോഷ്‌ടിക്കപ്പെട്ടാലും പിന്നീട് നിങ്ങളുടെ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയില്ല എന്ന് ചുരുക്കം.

 വിശ്വസനീയമായ ലൊക്കേഷനുകൾക്ക് പുറത്തുള്ള ഫോണിലെ സെറ്റിംഗ്‍സുകളും അക്കൗണ്ടുകളും ആക്‌സസ് ചെയ്യുന്നതിന് ഒരാൾക്ക് അയാളുടെ ബയോമെട്രിക് വിവരങ്ങൾ പൂർത്തിയാക്കേണ്ടിവരും. ഉപയോക്താക്കൾക്ക് ഒന്നിലധികം വിശ്വസനീയമായ ലൊക്കേഷനുകൾ ചേർക്കാനുള്ള ഓപ്ഷൻ ഫീച്ചറിനുണ്ട്. ഒരാൾക്ക് ബയോമെട്രിക് വിവരങ്ങൾ കൃത്യമായി ചേർക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾക്ക് പിൻ കോഡ് മാറ്റാനും കഴിയില്ല. കൂടാതെ, ഫൈൻഡ് മൈ ഡിവൈസ്, തെഫ്റ്റ് പ്രൊട്ടക്ഷൻ തുടങ്ങിയവ ഓഫാക്കാനും കഴിയില്ല.

അതായത് ഐഡൻ്റിറ്റി ചെക്ക് ഫീച്ചർ മോഷ്‌ടാക്കൾക്ക് ആൻ്റി-തെഫ്റ്റ് ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കുന്നതിനോ നിങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ മാറ്റുന്നതിനോ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. പക്ഷേ നിങ്ങളുടെ ഫോൺ ആക്‌സസ് ചെയ്യുന്ന വ്യക്തി ഇതിനകം ഈ വിശ്വസനീയമായ ലൊക്കേഷനുകളിൽ ഒന്നിലാണെങ്കിൽ ഫീച്ചർ പൂർണമായും സഹായകരമാകണം എന്നില്ലെന്നതും ഗൂഗിൾ വിശദമാക്കുന്നു. ക്ലാസ് 3 ബയോമെട്രിക്സിനെ പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോണുകളിൽ മാത്രമേ നിലവിൽ ഈ ഫീച്ചർ ലഭ്യമാകൂ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും (അൾട്രാസോണിക് അല്ലെങ്കിൽ ഒപ്റ്റിക്കൽ) 3D മുഖം തിരിച്ചറിയലും ഉള്ള സ്‍മാർട്ട്ഫോണുകളെ ക്ലാസ് 3 ബയോമെട്രിക് ഉപകരണങ്ങളായി കണക്കാക്കും. നേരത്തെ ഇതിനെ സ്ട്രോങ് ബയോമെട്രിക്സ് എന്നാണ് വിളിച്ചിരുന്നത്.

  • Share This Article
Drisya TV | Malayalam News