Drisya TV | Malayalam News

മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

 Web Desk    27 Jan 2025

തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമായി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ഹരിതകേരള മിഷൻ ജില്ലയിലെ 30 ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നു. അതിലൊന്നാണ് മാർമല അരുവി. മാർമല അരുവി ടൂറിസം കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി 100% മാലിന്യമുക്ത പ്രദേശമാക്കിയിരിക്കുകയാണ്. മാർമലയിൽ ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മാര്‍മലയിൽ വൈദ്യുതി ലൈൻ, ബയോ-ടോയ്‌ലറ്റ്, ടേക്ക് എ ബ്രേക്ക്,  ഹരിത ചെക്ക് പോസ്റ്റ്, സെക്യൂരിറ്റി റൂം, നിരീക്ഷണ ക്യാമറ എന്നിവ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. സെക്യൂരിറ്റിയും ക്ലീനിങ് സ്റ്റാഫും ഉൾപ്പെടെ നാലു ജീവനക്കാരെ ഗ്രാമപഞ്ചായത്ത് മാർമലയിൽ നിയോഗിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ മാര്‍മലയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രസിഡണ്ട് കെ സി ജയിംസ് പറഞ്ഞു. ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച മീറ്റിങ്ങിൽ വൈസ് പ്രസിഡന്റ് മാജി തോമസ്, മെമ്പർമാരായ ജയറാണി തോമസുകുട്ടി, സിബി രഘുനാഥൻ, രതീഷ് പി എസ്, നജീമ പരിക്കൊച്ച് അസിസ്റ്റന്റ് സെക്രട്ടറി സജി പി. റ്റി തുടങ്ങിയവർ പങ്കെടുത്തു.

  • Share This Article
Drisya TV | Malayalam News