ഭാരത് സീരിസ് (ബി.എച്ച്. സീരിസ്) പ്രകാരം രജിസ്റ്റർചെയ്യുന്ന വാഹനങ്ങൾക്കും കേരള വാഹന നികുതി നിയമപ്രകാരമുള്ള വാഹന നികുതിയാണ് ബാധകമെന്ന് ഹൈക്കോടതി. ഭാരത് സീരിസ് പ്രകാരം വാഹനം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ഡി.കെ. സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
2021-ലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഭാരത് സീരിസ് നടപ്പാക്കുന്നത്. ബി.എച്ച്. രജിസ്ട്രേഷൻ എടുത്ത വാഹനങ്ങൾ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്കു പോകുമ്പോൾ അവിടെ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
സംസ്ഥാന രജിസ്ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്തിൽ ഓടിക്കാൻ രജിസ്ട്രേഷൻ മാറ്റേണ്ടതുണ്ട്. ഇതിനാലാണ് ഒന്നിലേറെ സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന കേന്ദ്രസർക്കാർ ജീവനക്കാർ അടക്കമുള്ള വാഹനയുടമകൾ ബി.എച്ച്. രജിസ്ട്രേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ഓഫീസുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് ബി.എച്ച്. സീരിസിൽ വാഹനം രജിസ്റ്റർ ചെയ്യാം. രണ്ട് വർഷത്തേക്കാണ് നികുതി അടയ്ക്കേണ്ടത്. ഇത്തരം രജിസ്ട്രേഷൻ സംസ്ഥാനത്ത് അനുവദിക്കുന്നില്ല. നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നതടക്കമുള്ള കാരണങ്ങളുടെ പേരിലാണ് സംസ്ഥാനസർക്കാർ അനുവദിക്കാതിരുന്നത്.