ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ യാത്രയ്ക്കിടെ ഡ്രൈവർ ക്യാബിനിൽ പ്രൊമോഷണൽ വീഡിയോ ചിത്രീകരിച്ചാൽ വാഹന ഉടമയ്ക്കും ഡ്രൈവർക്കുമെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്ന കോൺട്രാക്ട് വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും ഹൈക്കോടതി നിർദേശിച്ചു.
യാത്രക്കാർക്കും എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങൾക്കും ഭീഷണിയായി എൽ.ഇ.ഡി. ലേസർ ലൈറ്റുകളും പിക്സൽ ലൈറ്റ് നെയിം ബോർഡുകളും മറ്റ് അനധികൃത അലങ്കാരങ്ങളും ഘടിപ്പിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഡ്രൈവർക്കും വാഹനത്തിന്റെ ഉടമയ്ക്കുമെതിരേ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ്. മുരളീകൃഷ്‌ണ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ നിയമലംഘനങ്ങൾക്കും 5000 രൂപ വീതം പിഴ ചുമത്തണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.നിയമലംഘനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പ്രദർശിപ്പിച്ചായിരുന്നു കോടതിയുടെ വിലയിരുത്തലുകൾ. തീർഥാടകരുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവർ സ്റ്റിയറിങ്ങിൽ നിന്നും കൈയെടുക്കുന്നതും ബ്ലൂടൂത്തിൽ സംസാരിക്കുന്നതുമെല്ലാം വീഡിയോയിലുണ്ടായിരുന്നു.
ടൂറിസ്റ്റ് ബസുകളിലും മറ്റും യാത്രക്കാർ ഇരിക്കുന്ന ഭാഗത്തെ ലൈറ്റുകളും അലങ്കാരങ്ങളും നിരീക്ഷിച്ച കോടതി, ഇത് ഡി.ജെ. ഫ്ളോർ ആണോയെന്നാണ് ചോദിച്ചത്.ഇക്കാര്യത്തിൽ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശങ്ങൾ നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഇക്കാര്യത്തിൽ സാവകാശം തേടിയിട്ടുണ്ട്. അടുത്ത ആഴ്ചച വീണ്ടും ഈ കേസ് പരിഗണിക്കും.