Drisya TV | Malayalam News

വെൽഫെയർ ട്രെൻഡ് പൊളിക്കാൻ പുത്തൻ പ്രീമിയം എംപിവിയുമായി എംജി മോട്ടോർ

 Web Desk    9 Jan 2025

പുത്തൻ പ്രീമിയം എംപിവിയുമായി ഇന്ത്യയിലേക്ക് കടന്നുവരാൻ പോവുകയാണ് എംജി മോട്ടോർ. ഇതിന്റെ ഭാഗമായി മിഫ 9 എംപിവിയുടെ പുത്തൻ ടീസറും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. ഉടൻ നടക്കാനിരിക്കുന്ന 2025 ഭാരത് മൊബിലിറ്റി എക്സ്പോയിൽ അഡാറ് മോഡലിനെ എംജി അവതരിപ്പിക്കുമെന്നാണ് സ്ഥിരീകരണം. ബ്രാൻഡിൻ്റെ പ്രീമിയം നെറ്റ്‌വർക്കായ എംജി സെലക്റ്റിന് കീഴിലായിരിക്കും വണ്ടിയുടെ വിൽപ്പന നടക്കുക.ഏകദേശം 65 ലക്ഷം രൂപ മുതൽ വില പ്രതീക്ഷാം. അടുത്തിടെ പുറത്തിറക്കിയ കിയ കാർണിവൽ എംപിവി പോലുള്ള വാഹനങ്ങളുമായി മിഫ 9 മത്സരിക്കും.

5.2 മീറ്റർ നീളവും 2 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവും ഉള്ള മിഫ 9 വലിപ്പത്തിന്റെ കാര്യത്തിൽ കിയ കാർണിവലിനേക്കാളും ടൊയോട്ട വെൽഫറിനേക്കാളും സമ്പന്നമായിരിക്കും.മതിയായ ഇൻ്റീരിയർ സ്പേസുള്ള വാഹനം 7 അല്ലെങ്കിൽ 8 സീറ്റർ ഓപ്ഷനിലും വാങ്ങാനായേക്കും.

ഹീറ്റിംഗ്, വെൻ്റിലേഷൻ, മസാജ് ഫംഗ്‌ഷനുകൾ എന്നിവയുള്ള പവർഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, ഫോൾഡ്-ഔട്ട് ഓട്ടോമൻ സീറ്റുകൾ, പവർഡ് സ്ലൈഡിംഗ് റിയർ ഡോറുകൾ, ഇരട്ട സൺറൂഫുകൾ എന്നിവയാണ് എംജി മിഫ 9 എംപിവിയിലെ മറ്റ് ആഡംബര സവിശേഷതകൾ. ഇതുകൂടാതെ റിയർ എൻ്റർടെയ്ൻമെൻ്റ് സ്‌ക്രീനുകൾ, പ്രീമിയം ഓഡിയോ സിസ്റ്റം, നൂതന കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയാലും വാഹനം സമ്പന്നമായിരിക്കും.എംജി മിഫ 9 എംപിവിയൊരു സമ്പൂർണ ഇലക്ട്രിക് കാറായിരിക്കും. 245 bhp പവറിൽ പരമാവധി 350 Nm torque നൽകുന്ന 90 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. പ്രീമിയം ഇലക്ട്രിക് എംപിവി വിഭാഗത്തിൽ ശക്തനാക്കാൻ സിംഗിൾ ചാർജിൽ 430 കിലോമീറ്റർ റേഞ്ചും മിഫ 9 വാഗ്‌ദാനം ചെയ്യും.മുകളിൽ പറഞ്ഞതുപോലെ എംജി മോട്ടോർ ഇന്ത്യയുടെ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്കായ എംജി സെലക്‌റ്റിന് കീഴിലായിരിക്കും ലക്ഷ്വറി ഇലക്ട്രിക് എംപിവി വിപണനം ചെയ്യുക.

  • Share This Article
Drisya TV | Malayalam News