Drisya TV | Malayalam News

17 -ാമത് ബഷീർ അവാർഡ് പി.എൻ. ഗോപീകൃഷ്ണന്

 Web Desk    9 Jan 2025

തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റിന്റെ 17-ാമത് ബഷീർ അവാർഡ് പി. എൻ. ഗോപീകൃഷ്‌ണൻ്റെ 'കവിത മാംസഭോജിയാണ്' എന്ന സമാഹാരത്തിന് നൽകുവാൻ തീരുമാനിച്ചു. 50000 രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകല്‌പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഭാഷാപോഷിണി മുൻ ചീഫ് എഡിറ്ററും എഴുത്തുകാരനുമായ കെ.സി. നാരായണൻ സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ ഡോ. എൻ. അജയകുമാർ, ഡോ. കെ. രാധാകൃഷ്‌ണവാര്യർ എന്നിവരടങ്ങിയ ജഡ്‌ജിംഗ് കമ്മറ്റി ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.കെ. ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നാണ് അവാർഡ് നിശ്ചയിച്ചത്.

അനുദിനം വളർന്നുവരുന്ന അധികാരത്തിൻ്റെ വിവിധ രൂപങ്ങളെ സൂക്ഷ്‌മവും നിശിതവുമായി വിമർശിക്കുന്ന കവിതകളാണ് പി.എൻ. ഗോപീകൃഷ്‌ണൻ്റെ 'കവിത മാംസഭോജിയാണ്' എന്ന സമാഹാരത്തിലുള്ളത്. നൈതികമായ ജാഗ്രതയും കവിതയുടെ സൂക്ഷ്‌മതയും ഒത്തുചേരുന്ന രചനകൾ. നാം ജീവിക്കുന്ന അവസ്ഥകളിലേക്ക് നേരേ നോക്കാൻ നിർബന്ധിക്കുന്ന ഈ കവിതകൾ സമകാലിക മലയാള കവിതയുടെ വിശിഷ്‌ടസ്വരങ്ങളിലൊന്നാണ് എന്ന് ജഡ്‌ജിംഗ് കമ്മറ്റി വിലയിരുത്തി..

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനമായ 2025 ജനുവരി 21ന് ജന്മദേശമായ തലയോലപ്പറമ്പിലെ ബഷീർ സ്‌മാരക മന്ദിരത്തിൽ വച്ച് അവാർഡ് നൽകുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമൻ അറിയിച്ചു.

എൻ. പ്രഭാകരൻ, റഫീക്ക് അഹമ്മദ്, സാറാ ജോസഫ്, ബി. രാജീവൻ, എൻ.എസ്. മാധവൻ, ആറ്റൂർ രവിവർമ്മ, സുഭാഷ് ചന്ദ്രൻ, കല്പറ്റ നാരായണൻ, അഷിത, സെബാസ്റ്റ്യൻ, വി.ജെ. ജെയിംസ്, ടി. പത്മനാഭൻ, പ്രൊഫ.എം.കെ.സാനു, കെ. സച്ചിദാനന്ദൻ, എം. മുകന്ദൻ, ഇ. സന്തോഷ്കുമാർ എന്നിവർക്കാണ് മുൻകാലങ്ങളിൽ ബഷീർ അവാർഡ് ലഭിച്ചിട്ടുള്ളത്.

  • Share This Article
Drisya TV | Malayalam News