Drisya TV | Malayalam News

ഭൂമിയുടെ അച്ചുതണ്ടിന് അപകടകരമായ വിധത്തിൽ ചരിവ് സംഭവിക്കുന്നതായി കണ്ടെത്തി

 Web Desk    27 Nov 2024

കാലാവസ്ഥാവ്യതിയാനം ഭൂമിയിൽ ഉളവാക്കുന്ന ഫലങ്ങൾ മനസ്സിലാക്കുന്നതിനായി നടത്തിവരുന്ന ഗവേഷണത്തിലാണ് ആശങ്കയുളവാക്കുന്ന സംഗതി കണ്ടെത്തിയിരിക്കുന്നത്. അച്ചുതണ്ടിന് ഇതിനോടകം 31.5 ഇഞ്ച് ( ഏകദേശം 80 സെന്റിമീറ്റർ) ചരിവാണ് ഉണ്ടായിരിക്കുന്നത്.ഭൂഗർഭജലം ഉപരിതലത്തിലേക്ക് വലിച്ചെടുക്കുന്നതാണ് ഇതിനുകാരണമാകുന്നതെന്നാണ് ഗവേഷകരുടെ നിരീക്ഷണം. അച്ചുതണ്ടിനു സംഭവിക്കുന്ന ചരിവ് ഭൂമിയുടെ ഭ്രമണത്തിൽ വ്യത്യാസം വരുത്തുകയും സമുദ്രജലനിരപ്പ് ഉയരുന്നതിനും ഇടയാക്കുമെന്ന് ഗവേഷകർ പറയുന്നു. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ്ജേണലിൽ ഈ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

ഭൂമിയുടെ ചായ്വ് അഥവാ അച്ചുതണ്ടിൽ സംഭവിച്ചിരിക്കുന്നതായി പറയപ്പെടുന്ന ചരിവ് ഗ്രഹത്തിലുടന്നീളമുള്ള പിണ്ഡത്തിന്റെ ( ഇവിടെ ഭൂമിയിലെ ജലം) വിതരണത്തിലെ സ്വാധീനം ചെലുത്തുന്നു. ഗ്രീൻലാൻഡിലേയും അന്റാർട്ടിക്കയിലേയും ഹിമാനികളുടേയും മഞ്ഞുപാളികളുടേയും ഉരുക്കം ജലവിതരണത്തെ സ്വാധീനിക്കുന്നു. മഞ്ഞുരക്കമുണ്ടാകുന്നതോടെ ജലം ഭൂമധ്യരേഖയിലേക്ക് ഒഴുകുന്നു. ഇത് ഭൂമിയുടെ സന്തുലിതാവസ്ഥയിൽ വ്യതിയാനമുണ്ടാക്കുകയും അച്ചുതണ്ടിൽ സ്വാധീനം ചെലുത്തുകയും മാറ്റം വരുത്തുകയും ചെയ്യും.

1993 മുതൽ 2010 വരെയുള്ള കാലയളവിൽ വലിച്ചെടുത്തത് ഏകദേശം 2,150 ഗിഗാടൺ ഭൂഗർഭജലമാണെന്നും ഇതാണ് ഭൂമിയുടെ അച്ചുതണ്ടിൽ 31.5 ഇഞ്ച് ചരിവിന് കാരണമായതെന്നുമാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ജലസേചനത്തിനും മറ്റ് മാനുഷികാവശ്യങ്ങൾക്കുമായാണ് ഭൂഗർഭജലം ഉപയോഗപ്പെടുത്തുന്നത്. കുഴൽക്കിണറുകളാണ് പ്രധാനമായും ഭൂഗർഭജലത്തിന്റെ സ്രോതസ്സ്. 2023 ൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ റിപ്പോർട്ട് പരിഷ്കരിച്ചിരിക്കുകയാണ്. പഠനറിപ്പോർട്ടിലെ മാതൃകകൾ വ്യക്തമാക്കുന്നത് ഭൂഗർഭജലത്തിന്റെ അളവിൽ വൻതോതിലുള്ള കുറവ് ഉണ്ടായിരിക്കുന്നുവെന്നാണ്.

അതേസമയം, അച്ചുതണ്ടിലെ നിലവിലെ ചരിവ് കാലാവസ്ഥാവിന്യാസങ്ങളിലോ ഋതുക്കളിലോ പൊടുന്നനെ ബാധിക്കാനിടയില്ല. എന്നാൽ ഭൂഗർഭജലത്തിന്റെ അമിതമായ വലിച്ചെടുക്കൽ ഇത്തരത്തിൽ തുടർന്നാൽ ഭാവിയിൽ വലിയതോതിലുള്ള കാലാവസ്ഥാപ്രതിഫലനങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ മുൻകരുതൽ നടപചടികൾ സ്വീകരിക്കാൻ രാഷ്ട്രത്തലവൻമാർക്കും പരിസ്ഥിതിപ്രവർത്തകർക്കും ഈ പഠനറിപ്പോർട്ട് പ്രചോദനമാകുമെന്നാണ് ഗവേഷകർ കരുതുന്നത്.

  • Share This Article
Drisya TV | Malayalam News