Drisya TV | Malayalam News

ലോകത്തിലെ ആദ്യ "വനനഗരം" ഒരുക്കി ചൈന 

 Web Desk    27 Nov 2024

ദക്ഷിണ ചൈനയിലെ ലിയുഷൗ നഗരത്തിൽ പ്രകൃതിയെ സംരക്ഷിക്കാനായി ഒരു ''വനനഗരം'' ഒരുങ്ങുകയാണ്.ലൂജിയാങ് നദിയുടെ കരയിൽ 175 ഹെക്‌ടർ പ്രദേശം വനനഗരമാക്കാനുള്ള ഒരുക്കങ്ങൾ ഏതാണ്ട് എട്ടുവർഷം മുൻപാണ് ആരംഭിച്ചത്.സാധാരണ നഗരങ്ങൾ പോലെ കോൺക്രീറ്റ് കാടല്ല, നേരെമറിച്ച് ഓരോ കോണിലും പച്ചപ്പ് നിറച്ച് ഒരു വന നഗരം. അത്തരത്തിൽ തികച്ചും വേറിട്ട, പാരിസ്‌ഥിതിക വ്യാപ്തിയുള്ള ഒരു പദ്ധതിയാണ് ചൈന വിഭാവനം ചെയ്തത്.ബിസിനസ് കേന്ദ്രങ്ങൾ, താമസസ്‌ഥലങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ച ഒരു വനം എന്ന നിലയിലാണ് നഗരം ഒരുങ്ങുന്നത്.നിരത്തുകളിലും തുറസ്സായ ഇടങ്ങളിലും മാത്രമല്ല കെട്ടിടങ്ങളിൽ പോലും മരങ്ങൾ തളിർത്തു നിൽക്കുന്ന തരത്തിൽ ഒരു നഗരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിലവിൽ നിർമാണം തുടർന്നുകൊണ്ടിരിക്കുന്ന നഗരം പൂർത്തിയാകുമ്പോഴേക്കും നാൽപതിനായിരം മരങ്ങളുടെ തണലിലാവും ഇവിടുത്തെ ജീവിതം.

നൂറിൽപരം ഇനങ്ങളിൽപ്പെട്ട ദശലക്ഷത്തിനു മുകളിൽ ചെടികളും ഇവിടെ കാണാനാവും. മേൽക്കൂരയിലും ബാൽക്കണിയിലും റോഡരികുകളിലും അങ്ങനെ നോട്ടം എത്തുന്നിടത്തെല്ലാം പച്ചപ്പ് നിറച്ചുകൊണ്ട് ഒരുങ്ങുന്ന ഈ നഗരത്തിന് പ്രതിവർഷം പതിനായിരം ടൺ കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ടാവും. ഇതിലൂടെ വായു മലിനീകരണ പ്രശ്‌നത്തിന് വലിയതോതിൽ പരിഹാരമാവും എന്നും കരുതുന്നു. ഇതിനുപുറമേ പ്രതിവർഷം 57 ടൺ മൈക്രോ പ്ലാസ്റ്റിക്കും ആഗിരണം ചെയ്യപ്പെടുമെന്ന് നിർമാതാക്കൾ പറയുന്നു. ഇത്രയധികം മരങ്ങളുടെയും ചെടികളുടെയും സാന്നിധ്യമുള്ളതുകൊണ്ടുതന്നെ 900 ടൺ ഓക്സ‌ിജൻ നഗരത്തിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

സോളാർ പാനലും ജിയോ തെർമൽ എനർജിയും വിന്റനർജിയും കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് സുസ്‌ഥിരത ഉറപ്പാക്കുന്ന ശൈലിയിലാവും നഗരത്തിന്റെ പ്രവർത്തനം. മാലിന്യ പ്രശ്‌നങ്ങൾക്കും പരിസ്ഥ‌ിതി പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുക എന്നതിനുപുറമേ 30000 ത്തോളം ആളുകൾക്ക് താമസ സൗകര്യം ഒരുക്കുന്നതിലൂടെ ഭവന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യം കൂടി നിർമാണത്തിന് പിന്നിലുണ്ട്.

  • Share This Article
Drisya TV | Malayalam News