Drisya TV | Malayalam News

അടുത്ത വര്‍ഷം ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാം,പ്രഖ്യാപനത്തിനൊരുങ്ങി രാജ്യം

 Web Desk    31 Oct 2024

ഇന്ത്യക്കാരായ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ഒരു വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങുകയാണ് രാജ്യം. അടുത്ത വര്‍ഷം ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാനുള്ള അവസരമൊരുങ്ങിയേക്കും. മോസ്കോ സിറ്റി ടൂറിസം കമ്മിറ്റിയുടെ ചെയര്‍മാന്‍ എവ്ജെനി കോസ്ലോവ് ആണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ വിസ ഇല്ലാതെ യാത്രക്കാര്‍ക്ക് റഷ്യ സന്ദർശിക്കാം . വിസ നേടുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ചെലവുകളും ഇല്ലാതാക്കാനും ഇത് വഴി സാധിക്കും.ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് നിലവില്‍ 62 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.ഈ വര്‍ഷം ആദ്യ പകുതിയില്‍ 28,500-ലധികം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മോസ്കോ സന്ദര്‍ശിച്ചതായാണ് കണക്കുകള്‍. ഇതോടെ റഷ്യയിലെ വിനോദസഞ്ചാര മേഖലയില്‍ നിര്‍ണായക സ്ഥാനം ഇന്ത്യ നേടി.ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് നിലവില്‍ റഷ്യ സന്ദര്‍ശിക്കാന്‍ ഇ-വിസ എടുക്കണം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് സാധാരണയായി നാല് ദിവസമെടുക്കും. ഡെസ്റ്റിനേഷന്‍ വെഡിംഗുകള്‍ റഷ്യയിലേക്ക് ആകര്‍ഷിക്കാനും രാജ്യത്തിന് പദ്ധതിയുണ്ട്. ഇന്ത്യന്‍ വിവാഹങ്ങള്‍ റഷ്യയില്‍ വച്ച് നടക്കുന്നതിലൂടെ കൂടുതല്‍ സഞ്ചാരികളെ നേടാമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാരികളുടെ വരവ് കൈകാര്യം ചെയ്യുന്നതിനായി 2030-ഓടെ 25,700 ഹോട്ടല്‍ മുറികള്‍ ഒരുക്കാന്‍ തയാറെടുക്കുകയാണ് റഷ്യ.

  • Share This Article
Drisya TV | Malayalam News