എറണാകുളം ആർടിഒ ഓഫിസിൽ നിന്ന് ഡിസംബർ 1 മുതൽ ഡ്രൈവിങ് ടെസ്റ്റിന് അനുവദിച്ചിരുന്ന സ്ലോട്ടുകൾ റദ്ദാക്കും. ടെസ്റ്റിനു തീയതി ലഭിച്ചിരുന്ന എണ്ണായിരത്തോളം പേർ പുതിയ തീയതി എടുക്കേണ്ടി വരും. നിത്യേന നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 120 എന്നത് 80 ആയി കുറച്ചതിനെ തുടർന്നാണിത്. ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്ന മോട്ടർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരെ മറ്റു ജോലികൾക്ക് നിയോഗിച്ചതോടെയാണ് ടെസ്റ്റുകളുടെ എണ്ണം കുറച്ചത്.
പതിവായി ടെസ്റ്റ് നടത്തിയിരുന്ന മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ ഒരാളെ പിൻവലിച്ചതോടെയാണു ടെസ്റ്റുകളുടെ എണ്ണം 80 ആയി കുറച്ചത്. ഇതുമൂലം ഇന്നലെ ഡ്രൈവിങ് ടെസ്റ്റിനെത്തിയവരിൽ കുറേ പേർക്ക് ടെസ്റ്റിൽ പങ്കെടുക്കാനായില്ല. 120 പേർക്കാണ് ഇന്നലെ തീയതി അനുവദിച്ചിരുന്നത്.80 പേർക്ക് മാത്രമേ ടെസ്റ്റ് നടത്തിയുള്ളു.ശേഷിക്കുന്നവരാണ് മടങ്ങിയത്. 3 മാസം മുൻപ് തീയതി ലഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇനിയുള്ള ദിവസങ്ങളിലും തീയതി ലഭിച്ചിട്ടുള്ള 120 പേരിൽ 80 പേരെ മാത്രമേ ടെസ്റ്റിൽ പങ്കെടുപ്പിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. അധികം വരുന്നവർക്കായി ബുധനാഴ്ചകളിൽ ടെസ്റ്റ് നടത്തുമെന്ന് ആർടിഒ ടി.എം.ജേഴ്സൺ പറഞ്ഞു.ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഡിസംബർ 1 മുതൽ അനുവദിച്ചിട്ടുള്ള തീയതികൾ റദ്ദാക്കുന്നത്.