പാക്കിസ്ഥാനിലെ ഗുജ്‌റൻവാലയിലെ ഒരു യാചക കുടുംബമാണ് ഏകദേശം 1.25 കോടി പാകിസ്ഥാൻ രൂപ( ഏകദേശം 38 ലക്ഷം ഇന്ത്യന്‍ രൂപ)ചെലവിൽ ഏകദേശം 20,000 പേർക്ക് ഗംഭീരമായ വിരുന്നൊരുക്കിയത്. മുത്തശ്ശി മരിച്ച് 40 -ാം ദിനം അവരുടെ സ്മരണയ്ക്കായാണ് കുടുംബം ഈ വിരുന്ന് ഒരുക്കിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. കുടുംബം വിരുന്നുകാരെ ക്ഷണിക്കുകയും അവരെ അവരുടെ സ്ഥലത്തേക്ക് എത്തിക്കുന്നതിന് വേണ്ടി 2,000 -ത്തിലധികം വാഹനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ഗുജ്‌റൻവാലയിലെ റഹ്‌വാലി റെയിൽവേ സ്‌റ്റേഷൻ പരിസരത്തായിരുന്നത്രെ വിരുന്ന്.പഞ്ചാബിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത് എന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോകളിൽ പറയുന്നത്. വിരുന്നിന് വിശിഷ്ടമായ ഒരു മെനു പോലും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിൽ പരമ്പരാഗത ഭക്ഷണങ്ങളായ സിരി പേയ്, മുറബ്ബ, കൂടാതെ നിരവധി മാംസം ചേർത്ത പലഹാരങ്ങൾ എന്നിവ ഉണ്ടായിരുന്നു.
ഡിന്നറിന് ആട്ടിറച്ചി, നാൻ മതർ ഗഞ്ച് (മധുരമുള്ള ചോറ്), നിരവധി മധുരപലഹാരങ്ങൾ എന്നിവയാണ് ഉണ്ടായിരുന്നത്. 250 ആടുകളെ ഇറച്ചിയാക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്. വിരുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ അതിവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.