Drisya TV | Malayalam News

തീവണ്ടിയെക്കാൾ വേഗതയുള്ള ഒരു ബസ് സർവീസ്

 Web Desk    19 Nov 2024

ആനവണ്ടി പ്രേമികൾക്കിടയിൽ ഒരു പ്രത്യേക ഫാൻ ബേസുള്ള സർവീസാണ് മിന്നൽ. 2017ൽ സർവീസ് ആരംഭിച്ച് ചുരുങ്ങിയ നാളുകൾ കൊണ്ടാണ് മിന്നൽ ജനപ്രിയമായതും KSRTCയുടെ നട്ടെല്ലായി മാറിയതും.സിൽവർ ലൈൻ ജെറ്റ് സർവീസിന്റെ പതനത്തിൽ നിന്നുമാണ് മിന്നലിന്റെ കഥ ആരംഭിക്കുന്നത്. 

2015ലാണ് കെഎസ്ആർടിസി ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് സ്റ്റോപ്പുകൾ പരമാവധി കുറച്ച് സിൽവർ ലൈൻ ജെറ്റ് സർവീസിന് തുടക്കമിടുന്നത്. തുടക്കത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആനവണ്ടി പ്രേമികൾ വെള്ളക്കുതിരയെന്ന ഓമനപ്പേരും ചാർത്തി. കാലക്രമേണ സ്റ്റോപ്പുകൾ വർദ്ധിപ്പിക്കുകയും ബസ് ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുകയും ചെയ്തതോടെ യാത്രക്കാർ കയ്യൊഴിഞ്ഞു. ഇതോടെ മാനേജ്‌മെന്റും സിൽവർ ലൈൻ ജെറ്റ് സർവീസ് പൂർണമായും ഉപേക്ഷിച്ചു. ഈ പോരായ്മകൾ പരിഹരിച്ചാണ് മിന്നൽ സർവീസിന് തുടക്കം കുറിക്കുന്നത്.അന്നത്തെ KSRTC മാനേജിങ് ഡയറക്ടറായിരുന്ന എം ജി രാജമാണിക്യത്തിന്റെ ആശയമായിരുന്നു പിന്നീട് മിന്നൽ എന്ന പേരിൽ സാക്ഷാത്കരിക്കപ്പെട്ടത്.സ്റ്റോപ്പുകൾ പരിമിതപ്പെടുത്തി രാത്രി മാത്രം സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ക്ലാസ് ഗണത്തിൽപ്പെട്ട അതിവേഗ സർവീസുകൾ ആരംഭിക്കണമെന്നായിരുന്നു എം ജി രാജമാണിക്യത്തിന്റെ നിർദേശം. കുറവ് സ്റ്റോപ്പുകൾ, സമയകൃത്യത പാലിക്കൽ എന്നീ സവിശേഷതകൾ തന്നെയാണ് മിന്നലിനെ ചുരുങ്ങിയ നാളുകൾ കൊണ്ട് ജനപ്രിയമാക്കിയത്.

തീവണ്ടിയെക്കാൾ വേഗതയുള്ള ബസ് സർവീസ് എന്ന പരസ്യവാചകം വെറുതെയല്ലെന്നും KSRTC മിന്നലിലൂടെ തെളിയിച്ചു. റണ്ണിംഗ് ടൈമിൽ അമൃത എക്സ്പ്രസ് ട്രെയിനിനെയാണ് തിരുവനന്തപുരം-പാലക്കാട് മിന്നൽ സർവീസ് മലർത്തിയടിച്ചത്. രാത്രി 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മിന്നൽ പുലർച്ചെ 4ന് പാലക്കാട് എത്തും. ഇതേ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന അമൃത എക്സ്പ്രസ് ആകട്ടെ രാത്രി 8.30ന് പുറപ്പെട്ട് പുലർച്ചെ നാലിനാണ് പാലക്കാട് എത്തുന്നത്.നിലവിലുള്ളവയ്ക്ക് പുറമേ പുതിയ മിന്നൽ സർവീസുകളും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മാനേജ്‌മെന്റ്.

  • Share This Article
Drisya TV | Malayalam News