ഇവികൾ എന്നു കേൾക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ഓടിയെത്തുന്ന ആദ്യ പേരുകളിൽ ഒന്നായി മാറാൻ കൊമാകിക്ക് കഴിഞ്ഞിട്ടുണ്ട്.ഇപ്പോഴിതാ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിനായി കമ്പനി ഇപ്പോഴിതാ പുത്തനൊരു ഇലക്ട്രിക് സ്‌കൂട്ടറുമായി വിപണിയിൽ എത്തിയിരിക്കുകയാണ്. എംജി പ്രോ ലിഥിയം സീരീസാണ് കമ്പനിയുടെ നിരയിലേക്ക് എത്തിയിരിക്കുന്ന പുത്തൻ അതിഥി. 59,999 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് മോഡൽ വാങ്ങാനാവുക.ഇലക്ട്രിക് വാഹന നിർമeതാക്കളുടെ തന്ത്രപ്രധാനമായ 'ഹർ ഘർ കൊമാകി' ക്യാമ്പയിനിലെ ഏറ്റവും പുതിയ ഓഫറാണ് എംജി പ്രോ ലിഥിയം. ദൈനംദിന ഗാർഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിൽ ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇടംപിടിച്ചിരിക്കുന്നത്. എംജി പ്രോ Li, എംജി പ്രോ V, എംജി പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് സ്കൂട്ടർ സ്വന്തമാക്കാനാവുക.
ലോ സ്പീഡ് Li വേരിയന്റിന് 1.75 kW ശേഷിയുള്ള ബാറ്ററി പായ്ക്കാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 75 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് കൊമാകി പറയുന്നത്. അതേസമയം രണ്ടാമത്തെ V മോഡലിന് ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് നൽകാനാവുന്ന 2.2 kW ബാറ്ററിയാണ് ലഭിക്കുക.പ്രോ പ്ലസിലേക്ക് വന്നാൽ 2.7 kW ബാറ്ററിയുമായി വരുന്ന ഇവിക്ക് പൂർണ ചാർജിൽ 150 കി.മീ വരെ ഓടാനാവും. ചാർജിംഗിലേക്ക് നോക്കിയാൽ 4 മുതൽ 5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കൊമാകി അവകാശപ്പെടുന്നത്. കൊമാകി എംജി പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പായ്ക്കിനുള്ളിൽ ഉപയോഗിച്ചിരിക്കുന്നത് ഫെറോ-ഫോസ്ഫേറ്റ് സാങ്കേതികവിദ്യയാണ്. പ്രശ്‌നങ്ങളോ തകരാറുകളോ നേരത്തെ കണ്ടുപിടിക്കാൻ 30-ലധികം സെൻസറുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. സ്കൂട്ടറിൽ ഒരു ഓട്ടോ-റിപ്പയർ ഫീച്ചർ വരെ കൊമാകി സജ്ജീകരിച്ചിട്ടുണ്ട്. സംഭവിക്കാനിടയുള്ള ചെറിയ പ്രശ്നങ്ങൾ സ്വയമേവ പരിഹരിക്കാൻ ഇത് സഹായിക്കും. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ അഡ്വാൻസ് റീജൻ, പാർക്കിംഗ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് അസിസ്റ്റ് എന്നിവയുള്ള വയർലെസ് കൺട്രോളർ ഉൾപ്പെടെ നിരവധി സവിശേഷതകളുമായാണ് ഇലക്ട്രിക് സ്കൂട്ടർ വരുന്നത്.