ലോകമൊട്ടുക്കും സഞ്ചരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് പാസ്പോർട്ട്. അന്താരാഷ്ട്ര യാത്രകൾ പരിശോധിക്കുന്നതിനു പുറമേ, പാസ്പോർട്ട് തിരിച്ചറിയൽ രേഖയായും ഏത് രാജ്യത്തെ പൗരനാണ് എന്നതിന്റെയും തെളിവായും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. മിക്ക രാജ്യത്തേയും സർക്കാരുകൾ തങ്ങളുടെ പൗരന്മാർക്ക് പാസ്പോർട്ട് നൽകുന്നത് ഒരു നിശ്ചിത ഫീസ് ഈടാക്കികൊണ്ടാണ്.
ലോകത്ത് പാസ്പോർട്ട് എടുക്കുന്നതിന് ഏറ്റവും ചെലവ് മെക്സിക്കോയിലാണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. പത്ത് വർഷ കാലാവധിയുള്ള മെക്സിക്കൻ പാസ്പോർട്ടിന് 19464 രൂപയാണ് ഈടാക്കുന്നത്. കാലാവധികളുടെ അടിസ്ഥാനത്തിൽ മെക്സിക്കോ മൂന്ന് വിധത്തിലുള്ള പാസ്പോർട്ടാണ് വിതരണം ചെയ്യുന്നത്. ഇത് മൂന്നും ചെലവേറിയ പാസ്പോർട്ടുകളുടെ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ആറു വർഷത്തെ കാലാവധിയിൽ മെക്സിക്കോ നൽകുന്ന പാസ്പോർട്ടാണ് ലോകത്ത് ഏറ്റവും ചെലവേറിയ നാലാമത്തെ യാത്രാരേഖ. മൂന്ന് വർഷത്തെ കാലാവധിയിലുള്ള അവരുടെ പാസ്പോർട്ട് ഒമ്പതാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയാണ് ഏറ്റവും ചെലവേറിയ പാസ്പോർട്ട് നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാമത്. പത്ത് വർഷത്തെ കാലാവധിയിൽ ഓസ്ട്രേലിയൻ സർക്കാർ നൽകുന്ന പാസ്പോർട്ടിന് 19023 രൂപയാണ് ചെലവ്. 13899 രൂപയ്ക്ക് പത്ത് വർഷത്തേക്ക് പാസ്പോർട്ട് നൽകുന്ന യുഎസ് മൂന്നാം സ്ഥാനത്തുണ്ട്.
കുറഞ്ഞ ചെലവിൽ പാസ്പോർട്ട് നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് യുഎഇ ആണ്. യുഎഇ പാസ്പോർട്ടിന് 1492 രൂപയാണ് ഫീ ആയി ഈടാക്കുന്നത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. പത്ത് വർഷത്തെ ഇന്ത്യൻ പാസ്പോർട്ടിന് 1523 രൂപയാണ് ഫീയായി നൽകേണ്ടത്. 2024-ലെ കണക്കനുസരിച്ചാണ് ഈ പട്ടികപ്പെടുത്തൽ. എന്നാൽ യുഎഇ അഞ്ചു വർഷത്തെ പാസ്പോർട്ടാണ് നൽകുന്നത്. ഇന്ത്യ പത്ത് വർഷത്തെ കാലാവധിയിലും.