വാഹന വിപണിയിൽ വലിയ മാറ്റം കൊണ്ടു വന്ന കാര്യമാണ് വാഹനങ്ങളിലെ സെൻസർ സംവിധാനം. ഇപ്പോൾ അഡാസിൽ വരെ വന്ന് നിൽക്കുകയാണ് സാങ്കേതിക വിദ്യ. ഇപ്പോൾ വാഹന വിപണിക്ക് പുതിയ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. വാഹനങ്ങളിലെ സെൻസറുകൾ വിദേശത്ത് നിന്ന് വലിയ വിലയ്ക്കാണ് ഇറക്കുമതി ചെയ്യുന്നത്. അതിന് പകരം ആഭ്യന്തര ഓട്ടോമൊബൈൽ വ്യവസായത്തെ വാഹന സെൻസറുകൾ നിർമ്മിക്കാൻ സഹായിക്കാൻ ഇസ്രോയ്ക്ക് സാധിക്കുമെന്നാണ് ബംഗ്ലൂരുവിൽ വച്ച് നടന്ന ടെക്ക് സമ്മിറ്റിൽ അദ്ദേഹം വാഗ്ദാനം ചെയ്തത്.ബഹിരാകശത്തേക്ക് വിടുന്ന റോക്കറ്റുകൾക്ക് സെൻസറുകൾ നിർമിക്കുന്ന ഐഎസ്ആർഓയെ സംബന്ധിച്ച് വാഹനങ്ങൾക്ക് സെൻസർ നിർമിക്കുന്നത് വെറും നിസാരമായ കാര്യമാണ് എന്നാണ് ചെയർമാൻ അഭിപ്രായപ്പെട്ടത്. സ്‌പേസ്-ഗ്രേഡഡ് സെൻസറുകൾ ഉപയോഗിക്കാനും ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ അവ നിർമ്മിക്കാനും ഇസ്രോയ്ക്ക് സാധിക്കുമെന്നാണ് ചടങ്ങിൽ പറഞ്ഞത്.