Drisya TV | Malayalam News

എ.ടി.എം. മെഷീനിലെ പിഴവ് മുതലെടുത്ത് മോഷ്ടാക്കൾ കൊള്ളയടിച്ചത് 2.52 ലക്ഷം രൂപ

 Web Desk    24 Nov 2024

2022 ജൂണിനും 2023 ജൂലായ്ക്കും ഇടയിൽ തലസ്ഥാന നഗരത്തിലെ എ.ടി.എം. മെഷീനുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം ഫോർട്ടിലെ എസ്.ബി.ഐ. എം.ടി.എം. മെഷീനിൽ നിന്ന് ഇക്കാലയളവിൽ 2.52 ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. എ.ടി.എം. മെഷീനിലെ പിഴവ് മുതലെടുത്താണ് മോഷ്ടാക്കൾ പണം കൊള്ളയടിച്ചത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.എ.ടി.എം. മെഷീനുകളിൽ നിന്ന് പണം പിൻവലിച്ചുകൊണ്ടായിരുന്നു മോഷണം. എന്നാൽ മോഷ്ടിക്കപ്പെട്ട എ.ടി.എം. കാർഡുകൾ ഉപയോഗിച്ചാണ് മോഷ്ടാക്കൾ പണം പിൻവലിച്ചത്.എ.ടിഎം. കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള നടപടികളെല്ലാം പൂർത്തിയാക്കുകയാണ് മോഷണത്തിന്റെ ആദ്യപടി. ഇതിന് ശേഷം മെഷീൻ പണം പുറത്തേക്ക് നൽകുന്ന സമയത്താണ് മോഷ്ടാക്കൾ തന്ത്രം പ്രയോഗിക്കുന്നത്. മെഷീനിന്റെ ചെറിയൊരു പിഴവിനെയാണ് ഇവർ ഇവിടെ മുതലെടുക്കുന്നത്.പിൻവലിച്ച പണം എ.ടി.എമ്മിന്റെ ക്യാഷ് ഡെലിവറി കമ്പാർട്ട്മെന്റിൽ എത്തുമ്പോൾ അതിൽ ഒരു നോട്ട് ബാക്കി വെച്ച് ബാക്കി മുഴുവൻ മോഷ്ടാക്കൾ എടുക്കും. ഇതോടെ എ.ടി.എം. മെഷീൻ ഇടപാട് പൂർത്തിയായില്ല എന്ന് രേഖപ്പെടുത്തുകയും ടൈം ഔട്ടായി എന്ന എറർ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്യും. ടൈം ഔട്ട് എറർ ആയതിനാൽ അക്കൗണ്ട് ഉടമയുടെ പണം അക്കൗണ്ടിൽ നിന്ന് നഷ്ടമാകുകയുമില്ല. അതിനാൽ തന്നെ ഇക്കാര്യത്തിൽ ആർക്കും പരാതിയുമുണ്ടാകില്ല.

എന്നാൽ എ.ടി.എമ്മിൽ നിക്ഷേപിച്ച പണത്തിന്റേയും പിൻവലിക്കപ്പെട്ട പണത്തിന്റേയും കണക്കുകളിൽ ഇത് പൊരുത്തക്കേടുണ്ടാക്കി. ഇത് ശ്രദ്ധയിൽ പെട്ടതോടെ ബാങ്ക് അന്വേഷണത്തിനായി സമിതിക്ക് രൂപം നൽകി. സമിതിക്കും ആദ്യഘട്ടത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരുവേള ബാങ്ക് ജീവനക്കാർ തന്നെയാണോ ഇതിന് പിന്നിൽ എന്ന് പോലും സമിതി സംശയിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നത്.പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രതികളെയും അവരുടെ മോഷണരീതിയും ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞതോടെ ബാങ്ക് അധികൃതർ ഉടൻ ഫോർട്ട് പോലീസ് സ്റ്റേഷനിൽ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406, 420 വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

  • Share This Article
Drisya TV | Malayalam News