സർക്കാർ ഉത്തരവിനെത്തുടർന്ന് 125 ദിവസത്തിലേറെയായി വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞുകിടന്നിരുന്നു.മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് 29നു ടൂറിസം വകുപ്പ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാഹസിക വിനോദസഞ്ചാരവും ജലാശയങ്ങളിലെ ബോട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു. ഇതിൽ ബോട്ടിങ് പുനരാരംഭിച്ചിട്ടും ഗ്ലാസ് ബ്രിഡ്ജ് മാത്രം തുറന്നിരുന്നില്ല.കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്.ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറാനെത്തിയത്.കോഴിക്കോട് എൻ. ഐ. ടിയിലെ സിവിൽ എൻജിനിയറിങ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്. ഒരേ സമയം 15 പേരെ മാത്രമേ അനുവദിക്കുകയുള്ളു. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ സഞ്ചാരികൾക്ക് ചില്ല് പാലത്തിൽ പ്രവേശിക്കാം. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്.