ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് കാര്‍ പദവിയുള്ള ടാറ്റ നെക്‌സോണ്‍ ഇവിയെ മറികടന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ വിന്‍ഡ്‌സര്‍ ഇവി 2024 ഒക്‌ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാറായി മാറി.പോയമാസം 3116 വിന്‍ഡ്‌സര്‍ ഇവികളാണ് വിറ്റ് പോയത്. തുടക്കം മുതലോ ഓരോ ആഴ്ചയും പുതിയ ടീസറുകള്‍ പങ്കുവെച്ച് എംജി വിന്‍ഡ്‌സറിന്റെ ഹൈപ്പ് ഉയര്‍ത്തിയിരുന്നു.ഒക്‌ടോബര്‍ മൂന്നിനാണ് കമ്പനി വിന്‍ഡ്‌സറിന്റെ (MG Windsor EV) ബുക്കിംഗ് ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 15176 ബുക്കിംഗ് വാരിക്കൂട്ടി വിന്‍ഡ്‌സര്‍ ഇന്ത്യന്‍ വിപണിയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍ ആയി മാറി.എംജി വിന്‍ഡ്സര്‍ ഇവി മൊത്തം 3 വേരിയന്റുകളില്‍ ലഭ്യമാകും. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസ്സെന്‍സ് എന്നിവയാണ് അവ.എന്‍ട്രി ലെവല്‍ വേരിയന്റിന് 13.50 ലക്ഷം രൂപയാണ് വില. അതേസമയം റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 15.50 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. എക്‌സ്‌ഷോറൂം വിലകള്‍ ആണിത്.
ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പ്ലാന്‍ അതായത് ബാറ്ററി വാടകയ്ക്ക് എടുക്കുന്ന സര്‍വീസ് പ്രകാരം എംജി വിന്‍ഡ്സര്‍ ഇവി ഇലക്ട്രിക് കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് വെറും 9.99 ലക്ഷം രൂപയാണ് വില. അതേസമയം ടോപ് എന്‍ഡ് വേരിയന്റിന് 11.99 ലക്ഷം രൂപ മാത്രം മുടക്കിയാല്‍ മതി. ബാസ് പ്ലാനിന് കീഴില്‍ വാഹനം വാങ്ങിയാല്‍ ഓടിക്കുന്ന ദൂരത്തിന് പണം നല്‍കേണ്ടിവരും. ഇത് പ്രകാരം കിലോമീറ്ററിന് 3.50 രൂപയാണ് ബാറ്ററി വാടകയായി ഈടാക്കിയിരുന്നത്.ഇവി വാങ്ങാനുള്ള പ്രാരംഭ ചെലവ് കുറയ്ക്കുന്നതിനാല്‍ ഇത് നല്ല ഓപ്ഷനായി ഉപഭോക്താക്കള്‍ കണക്കാക്കുന്നു. മാത്രമല്ല ലോഞ്ചിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് ചാര്‍ജിംഗ് സൗജന്യമാക്കുന്ന ഓഫറുകളും എംജി നല്‍കിയിരുന്നു. 38kWh ബാറ്ററി പായ്ക്കാണ് എംജി വിന്‍ഡ്‌സര്‍ ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 332 കിലോമീറ്റര്‍ എന്ന ഇവിയുടെ ആകര്‍ഷകമായ റേഞ്ചും ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചു.15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് എസി, പനോരമിക് ഗ്ലാസ് റൂഫ് എന്നിങ്ങനെ നിരവധി നൂതന സവിശേഷതകളോടെയാണ് എംജി വിന്‍ഡ്സര്‍ ഇവി ഇലക്ട്രിക് കാര്‍ സജ്ജീകരിച്ചിരിക്കുന്നത്.ഈ കാരണങ്ങള്‍ എല്ലാം കൊണ്ടാണ് ഇന്ത്യക്കാര്‍ ഈ ക്രോസ്ഓവര്‍ യൂടിലിറ്റി വെഹിക്കിള്‍ വാങ്ങാന്‍ മത്സരിക്കുന്നത്.