Drisya TV | Malayalam News

എന്തുകൊണ്ട് പ്രഭാതഭക്ഷണം ഒഴിവാക്കരുത്? മൂന്ന് പ്രധാന കാരണങ്ങൾ

 Web Desk    5 Sep 2023

രു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത്താഴത്തിനു ശേഷമുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് പ്രാതൽ കഴിക്കുന്നത്. അതിനാൽ തന്നെ ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. പക്ഷേ ചിലരാകട്ടെ പ്രാതൽ പലകാരണങ്ങൾ കൊണ്ട് ഒഴിവാക്കുന്നവരാണ്. ജോലിക്കും പഠനത്തിനുമൊക്കെ ഇടയിലുള്ള ഓട്ടത്തിനിടെ പ്രാതൽ ഒഴിവാക്കുന്നവർ ഏറെയുണ്ട്. എന്നാൽ അതത്ര നല്ല കാര്യമല്ല, എന്തുകൊണ്ട് പ്രാതൽ നിർബന്ധമായും കഴിച്ചിരിക്കണം എന്നു പങ്കുവെക്കുകയാണ് പ്രശസ്ത ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ.

പ്രാതൽ ഒഴിവാക്കുന്നത് ഒരിക്കലുമൊരു നല്ല ആശയമല്ല എന്ന ആമുഖത്തോടെയാണ് റുജുത ഇൻസ്റ്റ​ഗ്രാമിൽ ഇതുസംബന്ധിച്ച വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രാതൽ ഒഴിവാക്കുന്ന ദിവസങ്ങളിൽ ഭക്ഷണം കൂടുതലായി കഴിക്കാനുള്ള തോന്നൽ ഉണ്ടാക്കുമെന്നും റുജുത പറയുന്നു. എന്തുകൊണ്ട് പ്രാതൽ നിർബന്ധമായും കഴിച്ചിരിക്കണം എന്നതിന് മൂന്നുകാരണങ്ങളാണ് റുജുത പറയുന്നത്.

അതിൽ ആദ്യത്തേത് പ്രാതൽ കഴിക്കുന്നത് വണ്ണംകുറയ്ക്കാൻ സഹായിക്കും എന്നതാണ്. പ്രാതൽ ഒഴിവാക്കുന്നവരിൽ വണ്ണംകുറയുന്ന പ്രക്രിയ വേ​ഗത്തിൽ ആയിരിക്കില്ലെന്നും സ്ഥിരമായി പ്രാതൽ കഴിക്കുന്നവരിൽ ഫലപ്രദമായിരിക്കും എന്നുമാണ് റുജുത പറയുന്നത്. ശരീരത്തിലേക്ക് കലാേറി സ്വീകരിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത്.

മറ്റൊന്ന് പ്രാതൽ ഉപേക്ഷിക്കുന്നവരിൽ അനാരോ​ഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി കൂടുമെന്നതാണ്. പ്രാതൽ കഴിക്കാതിരിക്കുന്നവർക്ക് പിന്നീട് പിസ, പാസ്ത പോലുള്ള അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള ആസക്തി കൂടും. ഇത് കൂടുതൽ കലോറി ശരീരത്തിലെത്താൻ ഇടവരുത്തുകയും പോഷകസമ്പന്നമായ ഭക്ഷണങ്ങൾ ഒഴിവാക്കാനിടയാവുകയും ചെയ്യുമെന്നും റുജുത പറയുന്നു.

പ്രാതൽ മാനസികാവസ്ഥയെയും ബാധിക്കുന്ന പ്രധാനഘടകമാണെന്നു പറയുകയാണ് റുജുത. പ്രാതൽ കഴിക്കാതിരിക്കുന്നവരിൽ വിശപ്പും ദേഷ്യവും ഒത്തുചേർന്നുള്ള അവസ്ഥയുണ്ടാകും. ഇത് ആ വ്യക്തിയെ അസ്വസ്ഥനാക്കുമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് മറ്റുപ്രശ്നങ്ങൾക്ക് ഇടവരുത്തുകയും ചെയ്യുമെന്നും റുജുത പറയുന്നു.

പ്രാതൽ കഴിക്കാതെ വീട്ടിൽ നിന്നിറങ്ങുന്നയാൾ ഓരോ പോരാട്ടത്തിലും തോൽവി നേരിടും എന്നുപറഞ്ഞാണ് റുജുത വീഡിയോ അവസാനിപ്പിക്കുന്നത്.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു കൊണ്ടുള്ള ചില ആരോ​ഗ്യപ്രശ്നങ്ങൾ പരിശോധിക്കാം

ശരീരഭാരം വര്‍ധിക്കല്‍

ഉച്ചവരെ ഒന്നും കഴിക്കാതിരിക്കുന്നത് കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും. ഇത് കൂടാതെ, മധുരം കൂടുതല്‍ അടങ്ങിയതും സംസ്‌കരിച്ച ഭക്ഷണത്തെയും വിശപ്പടക്കാന്‍ കഴിക്കേണ്ടതായി വരും. ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

പ്രമേഹം

ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരും. ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നതിനാണിത്. ഇത് പതിവായി തുടരുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാന്‍ ഇടയാക്കിയേക്കും.

ഡിമെന്‍ഷ്യ

പ്രഭാതഭക്ഷണം മുടങ്ങുമ്പോള്‍ മസ്തിഷ്‌കത്തിന് കൃത്യമായ സമയത്ത് ഊര്‍ജം ലഭിക്കാതെ വരികയും കോശങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യും. ഇത് ഡിമെന്‍ഷ്യപോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

മൈഗ്രേന്‍

പ്രഭാതഭക്ഷണം മുടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. രക്തസമ്മര്‍ദം വര്‍ധിക്കുന്നത് തുടക്കത്തില്‍ ചെറിയ തലവേദനയ്ക്ക് കാരണമാകും. പതിവായി ഭക്ഷണം മുടക്കുമ്പോള്‍ കടുപ്പമേറിയ മൈഗ്രേന് കാരണമാകുകയും ചെയ്യും.

രോഗപ്രതിരോധശേഷി കുറയ്ക്കും

ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പോഷകങ്ങള്‍ അടങ്ങിയ ആഹാരം അവശ്യഘടകമാണ്. ഇത് ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ബാക്ടീരിയകള്‍ക്കെതിരേയും വൈറസിനെതിരേയുമുള്ള പോരാട്ടത്തില്‍ ശരീരം തകരും. പതിവായി പ്രഭാതഭക്ഷണം മുടക്കുന്നവരില്‍ രോഗപ്രതിരോധസംവിധാനം ശരിയായി പ്രവര്‍ത്തിക്കാതെ വരികയും പെട്ടെന്ന് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

  • Share This Article
Drisya TV | Malayalam News