കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ ഈ മാസം 15ന് നിലവിൽ വരും. മഴക്കാലത്ത് അപകടങ്ങൾക്കു സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20 വരെയാണ് നിലവിലുണ്ടാകുക.
കേരളത്തിൽനിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. പതിവിലും 15 ദിവസം കുറച്ചാണ് ഇത്തവണ മൺസൂൺ ടൈംടേബിൾ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയായിരുന്നു ഇത്.റോഹ-വീർ സെക്‌ഷനിൽ (47 കിലോമീറ്റർ) മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാമെങ്കിൽ വീർ-കങ്കാവ്ലി സെക്ഷനിൽ (245 കി.മീ) ഇത് 75 കിലോമീറ്ററായാണ് പരിമിതിപ്പെടുത്തിയിട്ടുള്ളത്.കങ്കാവ്ലി-ഉഡുപ്പി സെക്ഷനിൽ (377 കി.മീ) 90 കിലോമീറ്ററാണ് പരമാവധി വേഗം നിശ്ചയിച്ചിട്ടുള്ളത്.കാഴ്‌ചപ്രശ്‌നമുള്ള മേഖലകളിൽ 40 കിലോമീറ്റർ വേഗത്തിലേ സഞ്ചരിക്കാവൂ എന്ന് ലോക്കോ പൈലറ്റുമാർക്കു നിർദേശം നൽകിയിട്ടുണ്ട്.
അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ നമ്പറുകൾ അടങ്ങിയ പട്ടിക കൊങ്കൺ പാതയിലെ എല്ലാ സ്റ്റേഷനുകളിലും പതിപ്പിച്ചുണ്ട്. ബേലാപുർ, രത്നഗിരി, മഡ്‌ഗാവ് എന്നിവിടങ്ങളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുണ്ടാകും. ട്രെയിൻ സ്‌റ്റാറ്റസ് അറിയാൻ വെബ്സൈറ്റ്: www.konkanrailway.com ഫോൺ:139