ഓസ്ട്രേലിയയിലെ അഡലെയ്ഡിലുള്ള ഇന്ത്യക്കാരി ശ്രദ്ധയ്ക്കാണ് വിചിത്രമായ അനുഭവമുണ്ടായത്. തന്റെ ടിക്ടോക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ശ്രദ്ധ തന്റെ അനുഭവം രസകരമായി പങ്കുവെച്ചത്. ശ്രദ്ധ റെസ്റ്ററന്റിൽ നിന്ന് വാങ്ങിയ ഹോട്ട്പോട്ട് എന്ന, സൂപ്പ് പോലുള്ള ഭക്ഷണത്തിൽ നിന്നാണ് ശ്രദ്ധയ്ക്ക് സ്മാർട്ട്ഫോൺ ലഭിച്ചത്. രസകരമായ പല കമന്റുകളും ശ്രദ്ധയുടെ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. 'ഇത് പുതിയ ചേരുവയാണോ?' എന്നാണ് ഒരാൾ കമന്റിട്ടത്.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഒരു പ്രമുഖ റെസ്റ്ററന്റിൽ നിന്ന് ഹോട്ട്പോട്ട് വാങ്ങിയ ശ്രദ്ധ അവിടെവച്ച് തന്നെ അതിൽ കുറേ കഴിച്ചു. ബാക്കി ഹോട്ട്പോട്ട് പാർസലാക്കി വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് വീട്ടിൽവെച്ച് ബാക്കി കഴിക്കാനെടുത്തപ്പോൾ സൂപ്പിനടിയിൽ എന്തോ ഉള്ളതായി ശ്രദ്ധയ്ക്ക് തോന്നി.
സൂപ്പുണ്ടായിരുന്ന കണ്ടെയിനറിന്റെ അടിയിലുള്ള സാധനം തോണ്ടി പുറത്തെടുത്തപ്പോൾ ശ്രദ്ധ അമ്പരന്നുപോയി. അപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ട്ഫോണായിരുന്നു അത്. ഉടൻ തന്നെ അവർ റെസ്റ്ററന്റിലേക്ക് വിളിച്ച് വിവരം പറഞ്ഞു. തങ്ങളുടെ ഒരു ഷെഫിന്റെ ഫോൺ കാണാതായിട്ടുണ്ട് എന്നായിരുന്നു അവരുടെ മറുപടി. തുടർന്ന് അവർ മാപ്പ് പറഞ്ഞുവെന്നും ശ്രദ്ധ പറഞ്ഞു. ഫോൺ താൻ തിരികെ കൊണ്ടുവന്നു തരാമെന്ന് റെസ്റ്ററന്റിലുള്ളവരോട് പറഞ്ഞതായും ശ്രദ്ധ കൂട്ടിച്ചേർത്തു. ആർക്കും അബദ്ധം പറ്റാമെന്നും അതിനാൽ റെസ്റ്ററന്റിന്റെ പേര് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല എന്നും ശ്രദ്ധ വ്യക്തമാക്കി.