ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തും വനം വകുപ്പും ചേർന്ന് 50 ലക്ഷം രൂപയാണ് വികസനത്തിനായി അനുവദിച്ചത്. വനം വകുപ്പുമായി കായണ്ണ പഞ്ചായത്ത് അധികൃതർ നടത്തിയ ചർച്ചയിലാണ് ഇക്കോ ടൂറിസം പദ്ധതിക്ക് വഴിതെളിഞ്ഞത്.
ടൂറിസം സെന്‍ററിന്‍റെ വികസനത്തിന് 10 ലക്ഷം രൂപയാണ് വനം വകുപ്പ് അനുവദിച്ചത്. ഇതിന്‍റെ ഭാഗമായി നടപ്പാത, ഹാൻഡ് റെയിൽ ഇരിപ്പടം എന്നിവ നിർമിക്കും. ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കുന്നതോടൊപ്പം മൂന്നു ടൂറിസം ഗൈഡുകളെയും അനുവദിക്കും. കുടിവെള്ളം, ശുചിമുറി എന്നിവയ്ക്കായി കായണ്ണ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയാണ് നീക്കിവെച്ചത്. ഈ കേന്ദ്രത്തിലേക്ക് എത്തുന്ന 800 മീറ്റർ റോഡ് വികസനത്തിന് 30 ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തി.
ടൂറിസം വികസന പദ്ധതികൾ ചർച്ച ചെയ്യാൻ പ്രത്യേക ഗ്രാമസഭ ഉടൻ വിളിച്ചു ചേർക്കുമെന്ന് വാർഡ് മെമ്പർ പി കെ ഷിജു അറിയിച്ചു. പ്രകൃതി രമണീയമായ ഈ കേന്ദ്രത്തിന്‍റെ വികസനത്തിനായി ടൂറിസം, വനം വകുപ്പുകളും പഞ്ചായത്തും മുൻകൈയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കായണ്ണ കോട്ടൂർ കൂരാച്ചുണ്ട് പേരാമ്പ്ര ചക്കിട്ടപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ടൂറിസം കേന്ദ്രമാണിത്.
പാറയുടെ മുകളിൽ എത്തി കണ്ണോടിച്ചാൽ അറബിക്കടലും മലകളും ഒരുപോലെ കാണം. വയനാടിന്‍റെ വനപ്രദേശങ്ങളും മലപ്രദേശമായ വയലടയും കാഴ്ചയ്ക്കു കൂടുതല്‍ ഹരിത ഭംഗി നൽകും. പയ്യോളി കടൽ തീരമാണ് മറുവശം. നവംബർ ഡിസംബർ ജനുവരി മാസങ്ങളിലെ ഇവിടുത്തെ മഞ്ഞിൽ പുതച്ച കാഴ്ചകൾ ശരിക്കും കുളിര് കോരിക്കുന്നതാണ്. പ്രകൃതി വരച്ചു വെച്ച ഈ കാഴ്ചയെ അതിമനോഹരമാക്കുന്നത് ഇവിടുത്തെ സായാഹ്നങ്ങളാണ്. ചെമ്പട്ട് പുതച്ച ആകാശത്തിലെ വർണ വിസ്മയം വാക്കുകൾക്ക് അതീതമാണ്. ഈ ഉൾനാടൻ കാഴ്ചക്ക് വഴികാട്ടിയായി 'കാന്താരി'യുടെ ടൂറിസം പാക്കേജുമുണ്ട്. താമസ സൗകര്യം ഭക്ഷണം എന്നിവയും അവർ ഒരുക്കി തരും, ഒപ്പം ഉല്ലാസവും.
ഇവിടേയ്ക്കുള്ള വഴി ദുർഘടമാണ് എന്നതാണ് വലിയ പോരായ്മ. പാറക്ക് മുകളിലേക്ക് കയറ്റവും അപകടം നിറഞ്ഞതാണ്. അപകടം പതിയിരിക്കുന്ന ഇവിടെ സുരക്ഷ ജീവനക്കാരോ സെക്യൂരിറ്റിയോ ഇല്ല. ഒപ്പം പ്രകൃതിയെ നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും കുറവല്ല. ഇതു സംബന്ധിച്ചു ഇ ടിവി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവില്‍ കാത്തിരിപ്പിനൊടുവിൽ വികസന പദ്ധതി യാഥാർത്ഥ്യമാകാൻ പോകുന്നതിന്റെ ആവേശത്തിലാണ് നാട്ടുകാർ.