വിദ്യാർഥികൾക്കായി പ്രതിമാസ,ത്രൈമാസ പാസ് നടപ്പിലാക്കാനൊരുങ്ങി കൊച്ചി മെട്രോ. ജൂലൈ 1 മുതൽ പാസുകൾ പ്രാബല്യത്തിൽ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർഥി സംഘടനകൾ, മാതാപിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ നിരന്തര ആവശ്യ പ്രകാരമാണിത്. 1100 രൂപയുടെ പ്രതിമാസ യാത്രാ പാസിൽ ഏതു സ്റ്റേഷനിൽ നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകൾ ചെയ്യാം.വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര അനുവദിക്കണം എന്ന വിവിധ മേഖലകളിലുള്ളവരുടെ നിരന്തര അഭ്യർഥന ഉൾപ്പെടെ വിവിധ വശങ്ങൾ പരിശോധിച്ചാണ് പുതിയ പാസ് അവതരിപ്പിച്ചിരിക്കുന്നത്. ശരാശരി ടിക്കറ്റ് നിരക്കിൽ നിന്ന് 33 ശതമാനം ഇളവാണ് ഈ പാസിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുകയെന്ന് കെഎംആർ എൽ മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബഹ്റ പറഞ്ഞു.
പാസിന്റെ കാലാവധി എടുക്കുന്ന തിയതി മുതൽ 30 ദിവസമാണ്. ത്രൈമാസ പാസിന് 3000 രൂപയാണ് നിരക്ക്. മുന്നു മാസമാണ് കാലാവധി. 150 യാത്രകൾ നടത്താം. ഒരു ടിപ്പിന് പ്രതിദിന ശരാശരി നിരക്ക് 33 രൂപയാണ്. 50 യാത്രയ്ക്ക് 1650 രൂപയാകും. അതാണ് വിദ്യാർഥി പാസ് എടുക്കുന്നതോടെ 1100 രൂപയായി കുറയുന്നത് . വിദ്യാർത്ഥികൾക്ക് പ്രതിമാസ പാസ് എടുക്കുന്നതിലുടെ 550 രൂപ ലാഭിക്കാം.പാസ് ലഭിക്കുന്നതിനുള്ള പ്രായപരിധി 30 വയസാണ്. വിദ്യാലയ മേധാവി നൽകുന്ന സാക്ഷ്യപത്രം, സ്റ്റുഡന്റ്സ് ഐഡി കാർഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ജൂലൈ 1 മുതൽ പാസ് എടുക്കാം. വിദ്യാർഥികൾക്കുള്ള പാസ് കൈമാറ്റം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ല. പാസിലെ തുക റീ ഫണ്ട് അനുവദിക്കില്ല. ഇന്ത്യയിൽ നാഗ്‌പൂർ, പുനെ, മെട്രോകൾ മാത്രമാണ് വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ യാത്രാ പാസ് അനുവദിക്കുന്നത്.