Drisya TV | Malayalam News

ഏകീകൃത ജിസിസി വീസ ഈ വർഷം അവസാനത്തോടെ നടപ്പാക്കുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ

 Web Desk    18 Jun 2025

ഏകീകൃത ജിസിസി വീസ ഈ വർഷം അവസാനത്തോടെ നടപ്പാക്കുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിലുളള ടൂറിസം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഏകീകൃത വീസ നടപ്പാക്കുന്നത്. ഖത്തർ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിലാണ് ഈ വർഷം അവസാനത്തോടെ ജിസിസി ഏകീകൃത വീസ നടപ്പിൽ വരുമെന്ന് വിശദമാക്കിയത്.

ഗൾഫ് മേഖലയിലേക്കുള്ള സന്ദർശകരുടെ എണ്ണം കൂട്ടുന്നതാണ് ഏകീകൃത വീസ. ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ 6 ജിസിസി രാജ്യങ്ങൾക്കിടയിൽ യാത്രക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് മാത്രമല്ല ഒറ്റ വീസയിൽ ഒന്നിലധികം തവണ പ്രവേശനവും അനുവദിക്കുന്നതാണ് ഏകീകൃത വീസ. ഏത് ജിസിസി രാജ്യങ്ങളിലും 30 ദിവസത്തിലധികം താമസിക്കുകയും ചെയ്യാം.

ജിസിസി രാജ്യങ്ങൾക്കിടയിലൂടെ അനായാസേനയുള്ള യാത്ര ഉറപ്പാക്കുകയാണ് ആദ്യ ചുവടെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്ത സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ചൂണ്ടിക്കാട്ടി. രണ്ടാമത്തെ ചുവടുവയ്പ‌് ജിസിസി രാജ്യങ്ങളുടെ കൂട്ടായ ടൂർ പാക്കേജുകൾ, വിമാന സർവീസുകൾ, പ്രമോഷൻ പ്രോഗ്രാമുകൾ എന്നിവ നടപ്പാക്കുന്നതിലൂടെ ജിസിസിയെ ആഗോള യാത്രാ ഭൂപടത്തിൻ്റെ മുൻനിരയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വിശദമാക്കി. 2022 ഫിഫ ലോകകപ്പ് മുതൽ സൗദിയിലേക്കും ഖത്തറിലേയ്ക്കും യാത്ര ചെയ്യാനുള്ള ഏകീകൃത വീസ അനുവദിചിരുന്നത് വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  • Share This Article
Drisya TV | Malayalam News