Drisya TV | Malayalam News

പാർക്കിൻസൺസിന്റെ കാരണം കണ്ടെത്തി ഗവേഷകർ

 Web Desk    29 Jun 2025

പാർക്കിൻസൺസ് രോഗത്തിന് ഏറ്റവും ഫലപ്രദമായ മരുന്നാണ് ലെവോഡോപ. ചലനങ്ങളെ സഹായിക്കുന്ന ഡോപ്പമിൻ എന്ന രാസവസ്തു‌വിൻ്റെ കുറവാണ് അടിസ്ഥാനപരമായി പാർക്കിൻസൺസ് രോഗത്തിന്റെ കാരണം. ലെവോഡോപ ഉപയോഗിച്ച് ഡോപ്പമിൻ റീപ്ലേസ്മെന്റ് തെറാപ്പി നടത്തുന്നതാണ് പാർക്കിൻസൺസിന്റെ ചികിത്സ.എന്നാൽ സാധാരണ രോഗങ്ങൾക്കുള്ള മരുന്നുകൾ പോലെ ഈ മരുന്ന് എല്ലാവരിലും ഒരുപോലെ പ്രവർത്തിക്കാറില്ല. എന്താണ് ഇതിന് കാരണം എന്നാലോചിച്ച് തലപുകയ്ക്കുകയായിരുന്നു ഇത്രകാലവും ഗവേഷകർ. ഇപ്പോഴിതാ അതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് കാനഡയിലെ സൈമൺ ഫ്രെയ്സർ സർവകലാശാലയിലെ ഗവേഷകർ.

എംഇജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാഗ്‌നറ്റോഎൻസെഫലോഗ്രാഫി എന്ന അത്യാധുനിക ബ്രെയിൻ ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്. പാർക്കിൻസൺസ് രോഗികളുടെ മസ്‌തിഷ്‌കം എംഇജി സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ലെവോഡോപ എന്തുകൊണ്ടാണ് എല്ലാവരിലും ഫലിക്കാത്തതെന്ന് കണ്ടെത്തിയത്.

മരുന്ന് കഴിക്കുന്നതിന് മുമ്പും ശേഷവുമുള്ള മസ്‌തിഷ്‌ക സിഗ്നലുകൾ മാപ്പ് ചെയ്താണ് ഗവേഷകർ ഇതിന്റെ കാരണം കണ്ടെത്തിയത്. ചില സമയങ്ങളിൽ ഈ മരുന്ന് മസ്തിഷ്കത്തിലെ തെറ്റായ സ്ഥലങ്ങളിൽ സജീവമാക്കുകയും അതുവഴി അതിന്റെ ഗുണഫലങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതായാണ് ഗവേഷകർ നിരീക്ഷിച്ചത്.നിർണായകമായ ഈ കണ്ടെത്തൽ പാർക്കിൻസൺസ് രോഗത്തിന്റെ ചികിത്സയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. ഓരോ രോഗികൾക്കും അവരുടെ മസ്‌തിഷ്കത്തിലെ ശരിയായ ഭാഗത്തെ ലക്ഷ്യം വെക്കുന്ന പ്രത്യേക മരുന്നുകൾ നൽകുന്ന തരത്തിൽ വ്യക്തിഗത ചികിത്സാരീതികൾ വികസിപ്പിക്കുന്നതിലേക്ക് ഈ കണ്ടെത്തൽ വഴിതുറക്കും.

പിയർ-റിവ്യൂഡ് മെഡിക്കൽ ജേണലായ മൂവ്മെന്റ് ഡിസോഡേഴ്സിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. സൈമൺ ഫ്രെയ്‌സർ സർവകലാശാലയിലെ ബയോമെഡിക്കൽ ഫിസിയോളജി ആൻഡ് കെനീസിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അലക്സ് ഐ. വീസ്മാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് കനേഡിയൻ സർവകലാശാല പഠനം നടത്തിയത്. ഗവേഷണത്തിനായി 17 പാർക്കിൻസൺസ് രോഗികളെയാണ് എംഇജി സ്കാനിങ്ങിന് വിധേയരാക്കിയത്.

  • Share This Article
Drisya TV | Malayalam News