മധ്യപ്രദേശിലെ ജബൽപുർ ജില്ലയിലെ പദ്വാർ ഗ്രാമത്തിൽ നിന്നുള്ള ഇന്ദ്രകുമാർ തിവാരി, ഗുരു അനിരുദ്ധാചാര്യ മഹാരാജിന്റെ ആത്മീയ പ്രഭാഷണത്തിനിടെ കഴിഞ്ഞ മാസമാണ് തന്റെ വിവാഹം നടക്കാത്തതിലും വധുവിനെ കിട്ടാത്തതിലും നിരാശ പ്രകടിപ്പിച്ചത്.
വൈറലായ ഈ വിഡിയോയിൽ, തനിക്ക് 18 ഏക്കർ ഭൂമിയുണ്ടെന്നും എന്നാൽ തന്റെ സ്വത്ത് പരിപാലിക്കാൻ ആരുമില്ലെന്നും ഗുരു അനിരുദ്ധാചാര്യയോട് ഇന്ദ്രകുമാർ പറയുന്നുണ്ട്. ഇതിനുപിന്നാലെ ജൂൺ 6ന് ഇന്ദ്രകുമാറിനെ കാണാതായി. കഴിഞ്ഞദിവസം കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ മൃതദേഹം ഉത്തർപ്രദേശിലെ കുശിനഗറിലെ ദേശീയപാത 28ലെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
സാഹിബ ബാനോ എന്ന യുവതി ഖുഷി തിവാരി എന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ഇന്ദ്രകുമാറിനെ വിവാഹവാഗ്‌ദാനം നൽകി സമീപിക്കുകയായിരുന്നുവെന്ന് ഖുഷിനഗർ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ പറഞ്ഞു. പരസ്പരം പരിചയപ്പെട്ടതോടെ, സാഹിബ ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലേക്ക് ഇന്ദ്രകുമാറിനെ വിളിപ്പിച്ചു. താൻ വിവാഹം കഴിക്കാനായി ഖുഷിനഗറിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇന്ദ്രകുമാർ വീട്ടിൽനിന്ന് ഇറങ്ങിയത്.
വിവാഹം കഴിഞ്ഞശേഷം യുവതിയും കൂട്ടാളികളും ചേർന്നാണ് ഇന്ദ്രകുമാറിനെ കൊലപ്പെടുത്തിയത്. ഇതിനുശേഷം ആഭരണങ്ങളും പണവുമായി യുവതി രക്ഷപ്പെട്ടു. സാഹിബയെ അറസ്‌റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വ്യാജ ആധാർ കാർഡാണ് ഇവർ ഉപയോഗിച്ചത്. ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു