Drisya TV | Malayalam News

പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

 Web Desk    29 Jun 2025

പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കമിതാക്കളായ യുവാവും യുവതിയും ചേർന്നാണ് കുഞ്ഞുങ്ങളെ കുഴിച്ചിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 'ദോഷം' തീരാനെന്ന പേരിൽ കർമം ചെയ്യാൻ അസ്ഥികളും സൂക്ഷിച്ചു. കുട്ടികളെ കൊലപ്പെടുത്തിയതാണോ എന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

26 വയസ്സുകാരനും 21 വയസ്സുകാരിയുമാണ് കസ്റ്റഡിയിലുള്ളത്. ഇരുവരും സ്നേഹത്തിലായിരുന്നു. രണ്ട് വീടുകളിലാണ് താമസം. യുവാവ് രാവിലെ അസ‌ി കഷ്ണങ്ങളുമായി സ്റ്റേഷനിലെത്തുകയായിരുന്നു. തൻ്റെ കാമുകി പ്രസവിച്ച കുട്ടികളുടെ അസ്ഥിയാണെന്നാണ് യുവാവ് പറഞ്ഞത്. അസ്ഥി വീട്ടിൽ സൂക്ഷിച്ചതിൽ അന്വേഷണം വേണമെന്നും യുവാവ് പറഞ്ഞു. തുടർന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് പൊലീസിനെ സമീപിച്ചത് എന്നാണ് യുവാവ് പറയുന്നത്.

പ്രസവിച്ചപ്പോൾ കുഞ്ഞ് മരിച്ചെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. രണ്ടു തവണ പ്രസവിച്ചതായും യുവതി പറഞ്ഞു. പ്രാഥമിക വിവരങ്ങൾ മാത്രമാണ് പൊലീസിന്റെ പക്കലുള്ളത്. യുവതിയുടെയും യുവാവിന്റെയും ബന്ധം, പശ്ചാത്തലം എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടികളുടെ അസ്ഥിയാണോ, എങ്ങനെയാണ് മരണം സംഭവിച്ചത്, വീട്ടുകാർ സംഭവം അറിഞ്ഞിരുന്നോ, ആരാണ് കുട്ടികളെ കുഴിച്ചിട്ടത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്‌തത വരാൻ ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. ബന്ധുക്കളിൽനിന്ന് വിവരം ശേഖരിക്കുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News