അകമലയിൽ കനത്തമഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് റെയിൽവെ ട്രാക്കിലെ മെറ്റലും മണ്ണും ഒലിച്ചുപോയി. ഇതേത്തുടർന്ന് റെയിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പാളത്തിൽ കാര്യമായ കുലുക്കം അനുഭവപ്പെട്ട വിവരം ലോക്കോ പൈലറ്റുമാർ വടക്കാഞ്ചേരി സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ട്രാക്കിലെ പ്രശ്‌നം കണ്ടെത്തിയത്.
ശനിയാഴ്ച വൈകട്ട് 4.30-നാണ് മെറ്റലും മണ്ണും ഒലിച്ചുപോയത് ശ്രദ്ധയിൽപ്പെടുന്നത്. ഷൊർണൂരിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ട്രാക്കിലാണ് തടസ്സമുണ്ടായത്. കഴിഞ്ഞ വർഷം ജൂലായ് 30-ന് മണ്ണിടിഞ്ഞ് റെയിൽവെ ട്രാക്കിലെത്തി പാളം തകരാറിലായതിൻ്റെ സമീപത്താണ് ഇത്തവണയും പ്രശ്‌നമുണ്ടായത്. റെയിൽവെ ജീവനക്കാരെത്തി പാളം ശരിയാക്കുന്നതിനുളള നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ വടക്കോട്ടുളള ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിലൂടെ തിരുവനന്തപുരം ഭാഗത്തേക്കുളള ട്രെയിനുകൾ കടത്തിവിട്ടു.