ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പൊതുമധ്യത്തിൽ നമ്മൾ പങ്കുവെക്കുന്ന ഫോട്ടോകൾ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ മെറ്റ എടുക്കുന്നുണ്ടെന്നതിൽ യാതൊരു സംശയവും വേണ്ട. എന്നാൽ മെറ്റയുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൊന്നും നിങ്ങൾ പങ്കുവെക്കാത്ത, നിങ്ങളുടെ ഫോണിലെ ഫോട്ടോകളും നിർമിതബുദ്ധിയെ പരിശീലിപ്പിക്കാനായി എടുക്കാൻ മെറ്റ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.
ഫെയ്സ്ബുക്കിൽ സ്റ്റോറി പങ്കുവെക്കാൻ ശ്രമിച്ച ഉപഭോക്താക്കളാണ് ഇക്കാര്യം ശ്രദ്ധിച്ചത്. സ്റ്റോറി അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു പോപ്പ് അപ്പ് നോട്ടിഫിക്കേഷൻ സ്ക്രീനിൽ വന്നു. ക്ലൗഡ് പ്രോസസിങിന് വേണ്ടി ഉപഭോക്താക്കളെ ക്ഷണിക്കുന്ന ഫീച്ചർ ആയിരുന്നു അത്. ഒറ്റനോട്ടത്തിൽ കാണുമ്പോൾ കുഴപ്പമില്ലെന്ന് തോന്നാം, എന്നാൽ ഈ സെറ്റിങ്സ് വഴി മെറ്റയ്ക്ക് നിങ്ങളുടെ ഫോണിലെ ക്യാമറാ റോൾ പരിശോധിക്കാനും ചിത്രങ്ങൾ മെറ്റയുടെ ക്ലൗഡിലേക്ക് നിരന്തരം അപ്ലോഡ് ചെയ്യാനും സാധിക്കും.
ഇങ്ങനെ ചെയ്യുമ്പോൾ ഫോട്ടോ കോളാഷുകളും, ഇവന്റ് റീക്കാപ്പുകളും, എഐ ജനറേറ്റഡ് ഫിൽറ്ററുകളും, ജന്മദിനം, ഗ്രാന്വേഷൻ പോലുള്ള വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട കണ്ടന്റ് സജഷനുകളുമാണ് കമ്പനി പകരം വാഗ്ദാനം ചെയ്യുന്നത്.
അത് മാത്രമല്ല, നിങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സ്വകാര്യ ചിത്രങ്ങൾ ഉൾപ്പടെ വിശകലനം ചെയ്യാനുള്ള അനുമതി കൂടിയാണ് ഇതുവഴി മെറ്റയ്ക്ക് ലഭിക്കുക.ഈ സംവിധാനത്തിലൂടെ മെറ്റയുടെ എഐ ഫീച്ചറുകൾ കൂടുതൽ മികച്ചതാവുമെന്നതിൽ സംശയം വേണ്ട.
2007 മുതൽ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെക്കപ്പെട്ട പബ്ലിക്ക് ഉള്ളടക്കങ്ങളെല്ലാം ജനറേറ്റീവ് എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് മെറ്റ നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ട്.