Drisya TV | Malayalam News

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ശരീരഘടന പഠിപ്പിക്കുന്നതിനായി മൃഗത്തിന്റെ തലച്ചോറ് ക്ലാസിലേക്ക് കൊണ്ടുവന്ന അദ്ധ്യാപകനെതിരെ കേസ്

 Web Desk    28 Jun 2025

തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ സർക്കാർ സ്‌കൂളിലെ ബയോളജി അദ്ധ്യാപകനെതിരെയാണ് ഗോവധ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചത്.ജൂൺ 24നായിരുന്നു സംഭവം. അദ്ധ്യാപകൻ കൊണ്ടുവന്നത് പശുവിന്റെ തലച്ചോറാണെന്ന് അദ്ദേഹം പറഞ്ഞതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് വിവാദമുണ്ടായത്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സ്കൂളിലെ പ്രധാനാദ്ധ്യാപകൻ പരാതി നൽകിയതിനെത്തുടർന്നാണ് അദ്ധ്യാപകനെതിരെ കേസെടുത്തത്. അതേസമയം, അദ്ധ്യാപകൻ മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും (എബിവിപി) മറ്റ് സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു. വിശദമായ അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News